KERALA

ശബരിമലയി ലേലം കൊണ്ടത് വെറും 20 ശതമാനം കടകൾ, ലേലം കൊള്ളാതെ വെടിവഴിപാട്, പുഷ്പാലങ്കാര സ്റ്റോറുകൾ; കോടികളുടെ നഷ്ടത്തിൽ ഞെട്ടി ദേവസ്വം ബോർഡ്

മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമലയിലെ 80 ശതമാനം കടകളും ലേലം കൊല്ലാതെ കിടക്കുന്നു. പ്രധാന പൂജാ വഴിപാടുകൾക്കുള്ള കടകൾ പോലും ഒഴിഞ്ഞു കിടക്കുകയാണ്. പ്രധാന വഴിപാട് ഇനങ്ങളായ വെടിവഴിപാട്, പുഷ്പാലങ്കാരം, വഴിപാടിന് ആവശ്യമായ സ്വര്‍ണ്ണം വെള്ളി വില്‍പ്പന നടത്തുന്ന പൂജാസ്റ്റോര്‍ എന്നിവയും ഇതുവരെ ആരും ലേലം കൊണ്ടിട്ടില്ല. നാമമാത്രമായ കടകളും ഹോട്ടലുകളും വിരികളും മാത്രമാണ് ഇന്നലെ ലേലത്തില്‍ പോയത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ ഇത്തവണത്തെ മണ്ഡലകാല തീർത്ഥാടകരുടെ എന്നതിൽ വൻകുറവുണ്ടാകും എന്ന ധാരണയിലാണ് വ്യാപാരികൾ ലേലത്തിൽ നിന്നും വിട്ടു നിന്നത്. തുടക്കത്തില്‍ ഇ ടെണ്ടറിലൂടെ പുഷ്പാഭിഷേകത്തിനുള്ള പൂക്കളുടെ കരാര്‍ ഗുരുവായൂര്‍ സ്വദേശി 1.66 കോടി രൂപയ്‌ക്ക് സ്വന്തമാക്കിയെങ്കിലും ശബരിമലയില്‍ നിരന്തരമായുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇയാള്‍ കരാറില്‍ നിന്ന് പിന്‍വാങ്ങി. ഇന്നലെ വീണ്ടും നടത്തിയ ലേലത്തില്‍ 1.26 കോടി രൂപയ്‌ക്ക് കോട്ടയം കുറിച്ചി സ്വദേശിയാണ് ലേലം പിടിച്ചത്.

ഇന്നലെ മാറ്റിവച്ച കടകളുടെ ലേലം നാളെ സന്നിധാനത്ത് വീണ്ടും നടത്തും. ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ ലേലം നടത്തിയത്. കുത്തക ലേലം എടുത്തശേഷം ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാവുകയോ സന്നിധാനത്ത് ഭക്തര്‍ എത്താതിരിക്കുകയോ ചെയ്താല്‍ ഉണ്ടാകുന്ന ഭീമമായ നഷ്ടം പരിഹരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പ് നല്‍കണമെന്ന ആവശ്യം വ്യാപാരികള്‍ ബോര്‍ഡിന് മുൻപാകെ വച്ചു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതോടെയാണ് ഭൂരിപക്ഷം പേരും ലേലത്തില്‍ നിന്ന് പിന്മാറിയത്.

ബോര്‍ഡ് മുന്‍പ് നിശ്ചയിച്ചിരുന്ന ലേലത്തുകയില്‍ കുറവ് വരുത്തി ലേലം നടത്താന്‍ ബോര്‍ഡ് ശ്രമിച്ചെങ്കിലും ലേലം കൊള്ളാന്‍ വ്യാപാരികള്‍ തയ്യാറായില്ല. ഇതോടെ ലേലത്തിലൂടെയുള്ള വരുമാനത്തില്‍ കോടികളുടെ കുറവാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടായിട്ടുള്ളത്.

Leave a Comment