ശേഷിയേറിയ യൂണിറ്റ് കൺസ്ട്രക്ഷൻ എൻജിൻ(യു സി ഇ) യുഗം അവസാനിക്കുന്നത് ആഘോഷമാക്കാൻ റോയൽ എൻഫീൽഡ് ഒരുങ്ങുന്നു. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പ്രാബല്യത്തിലെത്തുന്നതിനു മുന്നോടിയായി 500 സി സി യു സി ഇ ഉൽപ്പാദനം അവസാനിപ്പിക്കുകയാണെന്നു കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇതോടെ ‘ക്ലാസിക് 500’, ‘ബുള്ളറ്റ് 500’, ‘തണ്ടർബേഡ് 500’ മോട്ടോർ സൈക്കിളുകളുടെ ഉൽപ്പാദനത്തിനും അന്ത്യമാവും.
ഈ സാഹചര്യത്തിലാണ് യു സി ഇയുടെ സ്മരണാർഥം കമ്പനി ‘ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് ലിമിറ്റഡ് എഡീഷൻ’ അവതരിപ്പിക്കുന്നത്. ഈ 10ന് ഉച്ചകഴിഞ്ഞ് രണ്ടിനും അഞ്ചിനുമിടയിലാവും ‘ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് ലിമിറ്റഡ് എഡീഷ’ന്റെ വിൽപ്പന; ഇതിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ കമ്പനി വെബ്സൈറ്റിൽ ആരംഭിച്ചു കഴിഞ്ഞു.
പ്രവർത്തന മികവു തെളിയിച്ച 500 സി സി എൻജിൻ സഹിതം വിൽപ്പനയ്ക്കെത്തുന്ന റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകളുടെ അവസാന ഗഡുവാണ് ഈ പരിമിതകാല പതിപ്പായി വിപണിയിലെത്തുന്നത്.
അവസാന ബാച്ചിനെ പ്രതിനിധാനം ചെയ്യുന്ന ‘എൻഡ് ഓഫ് ബിൽഡ്’ ക്രമനമ്പർ സഹിതമെത്തുന്ന ബൈക്കുകൾക്ക് ഇരട്ട വർണ മാറ്റ് — ഗ്ലോസ് ബ്ലാക്ക് നിറക്കൂട്ടാണു റോയൽ എൻഫീൽഡ് തിരഞ്ഞെടുത്തിരിക്കുന്നത്.
വ്യാഴവട്ടത്തോളം മുമ്പ് 2008ൽ അവതരിപ്പിച്ച ‘ക്ലാസിക് 500’ മോട്ടോർ സൈക്കിളുകളാണു നിലവിൽ വിപണിയിലുള്ളത്. മികച്ച വിൽപ്പന കൈവരിച്ചു മുന്നേറിയ ബൈക്കിലെ എൻജിനിൽ പക്ഷേ റോയൽ എൻഫീൽഡ് പിന്നീട് കാര്യമായ മാറ്റമൊന്നും വരുത്തിയിരുന്നില്ല.
ഏപ്രിൽ പ്രാബല്യത്തിലെത്തുന്ന ബി എസ് ആറ് നിലവാരം കൈവരിക്കാൻ ഈ യു സി ഇക്കു സാധിക്കില്ലെന്നു ബോധ്യമായ സാഹചര്യത്തിലാണ് 500 സി സി എൻജിൻ ഉപേക്ഷിക്കാൻ റോയൽ എൻഫീൽഡ് നിർബന്ധിതരായത്. പോരെങ്കിൽ അടുത്തയിടെ അവതരിപ്പിച്ച 650 സി സി ട്വിൻ ഇതിനു സമാനമായ ഡിസ്പ്ലേസ്മെന്റിൽ മെച്ചപ്പെട്ടതും പരിഷ്കൃതവുമായ പ്രകടനം കാഴ്ചവയ്ക്കുന്നതും കമ്പനിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാവാം.
നിലവിൽ ഡീലർഷിപ്പുകളിലുള്ള 500 സി സി മോട്ടോർ സൈക്കിളുകളുടെ വിൽപ്പന അടുത്ത മാസം 31ന് പൂർത്തിയാവും. എങ്കിലും രാജ്യാന്തര വിപണികളിൽ ഈ ബൈക്ക് വിൽപ്പനയിൽ തുടരുമെന്നു റോയൽ എൻഫീൽഡ് വ്യക്തമാക്കുന്നു.
ഇന്ത്യൻ വിപണിയിലാവട്ടെ ബൈക്കിന്റെ വിൽപ്പനാന്തര സേവനവും സ്പെയർ പാർട്സുകളുടെ ലഭ്യതയും കമ്പനി ഉറപ്പു നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക