സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിലെന്ന് റിപ്പോർട്ട്. മെയ്തെയ് കുക്കി വിഭാഗം പ്രതിഷേധിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കനത്ത ജാഗ്രത ഒരുക്കുന്നത്. അതേസമയം സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 3 പേർ പഞ്ചാബിൽ അറസ്റ്റിലായി.
അതേസമയം രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും തിങ്കളാഴ്ച പ്രഖ്യാപിക്കും.
പ്രധാന നഗരങ്ങളിലെല്ലാം നിരീക്ഷണം ശക്തമാണ്. വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം, നഗരത്തിൽ എല്ലായിടത്തും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം എന്നിവയും ഏർപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക