ആരോഗ്യം, കുടിവെള്ളം, മറ്റു ക്ഷേമപ്രവർത്തനങ്ങൾ എന്നിങ്ങനെ സമഗ്ര മേഖലയിലുള്ള പുതുപ്പള്ളിയുടെ വികസനമാണ് തന്റെ ലക്ഷ്യം എന്ന് എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക് സി തോമസ്. എംഎൽഎ ആയാൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ എന്തൊക്കെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആയിരുന്നു ജെയ്ക്കിന്റെ മറുപടി.
പുതുപ്പള്ളിക്കാർ ആവശ്യപ്പെടുന്ന കായികാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക് എന്നിങ്ങനെയുള്ള എല്ലാ മേഖലകളെയും കേന്ദ്രീകരിച്ചുള്ള സമഗ്രമായ വികസനം നടപ്പിലാക്കുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് പറഞ്ഞു. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന 49 വർഷം പഴക്കമുള്ള ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിനെ കൊതിപ്പിക്കുന്ന ഇടിഞ്ഞുപൊളിയാറായ കെട്ടിടമാണോ വികസനത്തിന്റെ നേർസാക്ഷ്യം എന്നും ജെയ്ക് ചോദിച്ചു.
പുതുപ്പള്ളിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രാദേശികമായി അധികാരത്തിൽ വന്നശേഷം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് ലിറ്റർ ശേഷിയുള്ള കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം ഇപ്പോൾ പൂർത്തീകരിക്കുകയാണ്. വികസനത്തെ സംബന്ധിച്ച സംവാദത്തിന് യുഡിഎഫിനെ സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് എന്നും എല്ലാ മനുഷ്യരെയും ബാധിക്കുന്ന ജീവൽ പ്രശ്നങ്ങളെക്കുറിച്ച് സംവാദത്തിന് ക്ഷണിച്ചാൽ യുഡിഎഫ് പ്രതിനിധിക്കോ നേതാക്കൾക്കോ മറുപടിയുണ്ടാവില്ല എന്നും കൃഷിഭവൻ ഉണ്ടെന്നും എസ്ബിഐക്ക് ശാഖയുണ്ടെന്നും ഒക്കെയാണ് വികസനമായി യുഡിഎഫ് ചൂണ്ടിക്കാണിക്കുന്നത് എന്നും ജെയ്ക് കുറ്റപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക