പ്രഭാസ് നായകനാകുന്ന ചിത്രമാണ് സലാർ. ഇപ്പോൾ ഇതാ ചിത്രത്തിന്റെ സംബന്ധിച്ച് പുതിയൊരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. സലാറിന്റെ റിലീസ് തിയതി മാറ്റിവച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. സെപ്റ്റംബർ 28നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇനിയും ബാക്കിയുണ്ടെന്നും അതിനാലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയതെന്നുമാണ് റിപ്പോർട്ട്. 2024 ജനുവരിയിലാകും ചിത്രം ഇനി റിലീസ് ചെയ്യുക എന്നും റിപ്പോർട്ടുണ്ട്.
സലാറിന്റെ ടീസർ എല്ലാ റെക്കോർഡുകളും തകർത്തിരുന്നു. റിലീസ് ചെയ്ത് ആദ്യ 12 മണിക്കൂറിനുള്ളിൽ 45 ദശലക്ഷം വ്യൂസാണ് ടീസർ നേടിയത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസർ എന്ന റെക്കോർഡും ഇതുവഴി സലാർ സ്വന്തമാക്കി. ചിത്രത്തിലെ “സിംഹവും ചീറ്റയും കടുവയും ആനയുമാണ് ഏറ്റവും അപകടകാരികളായ മൃഗങ്ങൾ. പക്ഷേ ജുറാസിക് പാർക്കിലല്ലെന്ന് മാത്രം…” എന്ന പഞ്ച് ഡയലോഗ് ആരാധകർ ഏറ്റെടുത്തിരുന്നു.
എൻ്റർടെയ്ൻമെന്റ് ഉറപ്പ് നൽകുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ കെജിഎഫിലൂടെ പേരുകേട്ട പ്രശസ്ത സംവിധായകൻ പ്രശാന്ത് നീൽ ആണ് സലാറും സംവിധാനം ചെയ്യുന്നത്. പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സലാർ.
ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കൂടാതെ ജഗപതി ബാബുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ 5 ഭാഷകളിലാണ് സലാർ റിലീസ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക