ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘ഹൃദയസ്പർശം’ കാക്കാം ഹൃദയാരോഗ്യം എന്നപേരിൽ സംസ്ഥാനതല കാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സയ്ക്കുക, പ്രതിരോധിക്കുക, സിപിആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂക്ഷാ പരിശീലനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇസിജി, ട്രോപ് ടി തുടങ്ങിയ സൗജന്യ പരിശോധനകൾ കാമ്പയിന്റെ ഭാഗമായി ലഭ്യമാക്കും. ഓട്ടോ, ടാക്സി, ആംബുലൻസ് ഡ്രൈവർമാർ, മറ്റു വോളണ്ടിയർമാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. മെഡിക്കൽ കോളേജുകളുടെയും ഹാർട്ട് ഫൗണ്ടേഷന്റെയും സഹായത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനതല ഉദ്ഘാടനം നാളെ തൃശൂർ മെഡിക്കൽ കോളേജിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.
ആഗോള തലത്തിൽ സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയാരോഗ്യത്തെപ്പറ്റിയും ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ലോക ഹാർട്ട് ഫെഡറേഷൻ സെപ്റ്റംബർ 29 ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ കൊണ്ടാണ് എന്നതാണ് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. 30 വയസിനും 70 വയസിനും ഇടയിലുള്ള മരണങ്ങളിൽ 32 ശതമാനവും ഹൃദയസംബന്ധമായ രോഗങ്ങൾ കൊണ്ടാണെന്നാണ് കണക്കാക്കുന്നത്.
ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ (Use Heart, Know Heart) എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യദിന സന്ദേശം. നമ്മൾ ഓരോരുത്തരും നമ്മുടെ ഹൃദയത്തെക്കുറിച്ച് അറിയുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി മുൻകരുതലുകളെടുക്കുകയും അതിനുവേണ്ടിയുള്ള പരിശോധനകളും ചികിത്സയും നടത്തുക എന്നുള്ള ഒരു സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക