നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകളോടുകൂടിയുള്ള ഐഫോണുകള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ എഐയുടെ പിന്തുണയോടെ ഐഫോണ്‍ 16 അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് ആപ്പിള്‍ ഇപ്പോൾ. കൂടുതല്‍ കാര്യക്ഷമതയോടെ എഐ ഐഫോണില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആപ്പിളും ഓപ്പണ്‍ എഐയും കൈകോര്‍ക്കുമെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. വളരെ വൈകിയാണെങ്കിലും ജൂൺ മാസത്തോടെ എഐ ഫീച്ചറുകള്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി നിര്‍മിതബുദ്ധി സംയോജിപ്പിച്ച് ഉപയോക്താക്കാള്‍ക്ക് മികച്ച യൂസര്‍ എക്സ്പീരിയന്‍സ് സാധ്യമാക്കുകയാണ് ആദ്യത്തെ ലക്ഷ്യം. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതിന്റെ കൂടെ മറ്റ് ഫോണ്‍ നിര്‍മ്മാതാക്കളെക്കാള്‍ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കേണ്ടതും ആപ്പിളിനു മുന്നിലുള്ള വെല്ലുവിളിയാണ്. ഓട്ടോമാറ്റിക് ടെക്സ്റ്റ് ജനറേഷന്, സഫാരിയിലെ ആര്‍ട്ടിക്കിള്‍ സമ്മറൈസേഷന്‍, നോട്ടിഫിക്കേഷന്‍ റീക്യാപ്പുകള്‍ എന്നിങ്ങനെ നിരവധി ആപ്ലിക്കേഷനുകളിലും ഫീച്ചറുകളിലും എഐ ഉള്‍പ്പെടുത്താനാണ് കമ്പനിയുടെ ഉദ്ദേശം.
അജാക്സ് എന്ന് പേര് നൽകിയിരിക്കുന്ന ആപ്പിളിന്റെ എഐ മോഡല്‍ ഈ പുതിയ ഫീച്ചറുകളെ ശക്തിപ്പെടുത്തുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ചാറ്റ് ജിപിടി-രീതിയിലുള്ള ചാറ്റ്ബോട്ട് സ്വന്തമായി പുറത്തിറക്കാന്‍ ആപ്പിളിന് ഇപ്പോൾ പദ്ധതിയില്ല. പകരം, അതിന് ആവശ്യമായി ഗൂഗിള്‍, ഓപ്പണ്‍എഐ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുമായി ഭാവിയില്‍ ഒരു പങ്കാളിത്തം മുന്നില്‍ കണ്ട് ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക