മാതൃ ദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച് നടൻ മോഹൻലാൽ. അമ്മയ്ക്കൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘മാതൃദിനാശംസകൾ’ എന്നാണ് അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോക്ക് താഴെ നിരവധി പേരാണ് അമ്മയ്ക്കും മകനും ആശംസകൾ അറിയിച്ച് എത്തുന്നത്.
‘മലയാളത്തിന് മഹാനടനെ സമ്മാനിച്ച അമ്മയ്ക്ക് മാതൃദിനാശംസകൾ’, ‘മികച്ച അമ്മയും മികച്ച മകനും’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പേര് തീരുമാനിച്ചിട്ടില്ലാത്ത തരുൺ മൂർത്തി ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
താൽക്കാലികമായി ചിത്രത്തിന് ‘എൽ 360’ എന്നാണ് പേരിട്ടിരിക്കുന്നത്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം നടി ശോഭന മോഹൻലാലിന്റെ നായികയായി വേഷമിടുന്ന ചിത്രം കൂടിയാണ് ഇത്. സാധാരണക്കാരനായ ഒരു ഓട്ടോഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണവും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക