കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി ന്യൂമോണിയ ബാധിച്ച് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധവി രാജെ സിന്ധ്യ ഇന്ന് രാവിലെ 9. 28നാണ് മരണപ്പെട്ടത്.
ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ രണ്ടാഴ്ച മുമ്പ് അസുഖം ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മുൻ കേന്ദ്രമന്ത്രി മാധവ റാവു സിന്ധ്യയുടെ ഭാര്യയാണ് മാധവി രാജെ സിന്ധ്യ. സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കുകൊണ്ടിരുന്ന മാധവി രാജെ സിന്ധ്യ കന്യ വിദ്യാലയത്തിന്റെ ബോർഡ് ഓഫ് ഗവർണേഴ്സിന്റെ ചെയർപേഴ്സൺ ആയിരുന്നു.
നേപ്പാളിലെ രാജ കുടുംബാംഗമായ മാധവി രാജെ സിന്ധ്യയുടെ സംസ്കാര ചടങ്ങുകൾ മധ്യപ്രദേശിലെ ഗ്വാളിയാറിലുള്ള വീട്ടിൽ വച്ചായിരിക്കും നടക്കുക. ബിജെപിയുടെ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ ജ്യോതിരാദിത്യ സിന്ധ്യ 2021 ജൂലൈ 8 മുതൽ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയാണ്.
കോൺഗ്രസ് പാർട്ടിയുടെ യുവ നേതാവായിരുന്ന സിന്ധ്യ 2002 മുതൽ നാലു തവണയായി 2019 വരെ 17 വർഷം മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ ലോക്സഭാംഗമായിരുന്നിട്ടുണ്ട്. പിന്നീട് 2020 മാർച്ചിൽ കോൺഗ്രസ് പാർട്ടിയുമായി നിലനിന്ന അഭിപ്രായ ഭിന്നതയെ തുടർന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക