പവിഴപ്പുറ്റുകൾ കടലിലെ ഉഷ്ണതരംഗത്തിൽ വൻതോതിൽ നശിക്കുന്നതായി കണ്ടെത്തൽ. കോറൽ ബ്ലീച്ചിങ്ങിന് ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും വിധേയമായെന്നാണ് കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) പഠനത്തിൽ വ്യക്തമായത്.
സമുദ്രജലത്തിലെ പവിഴപ്പുറ്റുകള്‍ അവയ്ക്കുള്ളിൽ വസിക്കുന്ന സൂസാന്തില്ലകളെന്ന (zooxanthellae) ഭക്ഷണനിര്‍മാതാക്കളായ സൂക്ഷ്മജീവികളെ താപനിലയിലുണ്ടാവുന്ന വർധനവ് മൂലം പുറന്തള്ളുന്നു. ഇതുമൂലം നിറം നഷ്ടപ്പെടുന്ന പവിഴപ്പുറ്റുകള്‍ അധികം താമസിക്കാതെ മരണമടയും. കോറൽ ബ്ലീച്ചിങ് ഇങ്ങനെയാണ് സംഭവിക്കുക.
കടൽഭക്ഷ്യശൃംഖലയെയും ഉഷ്ണതരംഗസാഹചര്യം സാരമായി ബാധിക്കും.സസ്തനികളുടെയും മീനുകളുടെയും നിലനിൽപ്പും അപകടത്തിലാകും.
അസാധാരണമാംവിധം സമുദ്രത്തിലെ താപനില ഏറെക്കാലം ഉയർന്നുനിൽക്കുന്ന അപൂർവ കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം. താപസമ്മർദം അളക്കുന്ന ഡിഗ്രി ഹീറ്റിങ് വീക്ക് (ഡി.എച്ച്.ഡബ്ല്യു.) സൂചകം നാല് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ലക്ഷദ്വീപിൽ . ഇതാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിനും സമുദ്രജൈവസമ്പത്തിന്റെ തകർച്ചയ്ക്കും കാരണമാകുന്നത്.
പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആൽഗകൾ അമിതമായ താപസമ്മർദം കാരണം നശിക്കുന്നതാണ് ബ്ലീച്ചിങ്ങിന് കാരണമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.കടലിലെ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ അമിതചൂടും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് എന്ന് സി.എം.എഫ്.ആർ.ഐ.യിലെ സീനിയർ സയന്റിസ്റ്റ് ഡോ. ഷൽട്ടൺ പാദുവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക