നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇരുവരും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത അറിയിച്ചത്. താരങ്ങളുടേത് രജിസ്റ്റർ വിവാഹം ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോകൾ ഇരുവരും പങ്കുവച്ചിട്ടുണ്ട്.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ഹക്കിം ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ തന്നെ ചാർളിയിൽ സഹ സംവിധായകനായി പ്രവർത്തിച്ചു. രക്ഷാധികാരി ബൈജു, കൊത്ത്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31 തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചു. 2021ല്‍ പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഷോര്‍ട്ട്ഫിലിമിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.
വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കു കടന്നത്. കൊറിയോഗ്രഫറായ ബന്ധു സജ്ന വഴിയാണു ലാൽജോസ് ചിത്രത്തിൽ സനയ്ക്ക് ആദ്യ അവസരം ലഭിച്ചത്. തുടർന്നു മറിയം മുക്കിൽ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും വേഷമിട്ടു. റാണി പത്മിനിയും ബഷീറിന്റെ പ്രേമലേഖനവും ഒടിയനും മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ തമിഴിൽ ചെന്നൈ 28ന്റെ രണ്ടാം ഭാഗത്തിലും ആർകെ നഗറിലും പ്രധാന വേഷങ്ങൾ ചെയ്തു.
ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില് ഒരു മുറി’ എന്ന ചിത്രമാണ് ഹക്കിം ഷാജഹാന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഹക്കിം, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജൂണ്‍ 14 ആണ് റിലീസിന് എത്തുന്നത്. കിസ്മത്ത്, തൊട്ടപ്പൻ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ഒരു കട്ടിൽ ഒരു മുറി.
ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക