വിനായകനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ക്യാരക്ടർ ടീസർ പുറത്തുവന്നിരിക്കുകയാണ്. മുഖത്തോടു മുഖം നോക്കി കടിപിടി കൂടുന്ന വിനായകനേയും സുരാജിനേയുമാണ് ടീസറിൽ കാണാനാവുക.
എഞ്ചിനീയർ മാധവനെന്ന കഥാപാത്രമായി വിനായകനും അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജും ചിത്രത്തിലെത്തുന്നു. പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം എസ്. ഹരീഷിന്റെ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഹരീഷ് തന്നെയാണ് രചന നിർവഹിച്ചിരിക്കുന്നതും.
ഓഗസ്റ്റിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. മെൽവിൻ ജി ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി നൂറോളം അഭിനേതാക്കളാണ് തെക്ക് വടക്കിൽ അണിനിരക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ സാം സി എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.
അഞ്ജന ഫിലിപ്പിൻ്റേയും വി. എ ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള അഞ്ജന- വാർസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കിസ്മത്ത്, വലിയപെരുന്നാൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി ഒരുക്കുന്നത്. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക