ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആദായനികുതി വകുപ്പ്. ഈ മാസം 31നകം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. അല്ലാത്ത പക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതി കണക്കാക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ടിഡിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) ഈടാക്കുന്നത് ഒഴിവാക്കാനാണിത്.
ആദായ നികുതി നിയമം അനുസരിച്ച് നിശ്ചിത സമയത്തിനകം പാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടിനിരക്കിലാകും ടിഡിഎസ് ഈടാക്കുക. ഉയര്‍ന്ന ഇടപാടുകളുടെ രേഖകള്‍ മെയ് 31നകം ഫയല്‍ ചെയ്യണമെന്ന് ബാങ്കുകള്‍ക്കും വിദേശ നാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും അടക്കം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം ഇത് നല്‍കിയില്ലെങ്കില്‍ പിഴ അടയ്ക്കേണ്ടി വരും.
പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ www.incometax.gov.inല്‍ ലോഗിന്‍ ചെയ്യുക. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ വിവരങ്ങളും പേരും മൊബൈല്‍ നമ്പറും നല്‍കണം. ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്ന ഓപ്ഷന് തെരെഞ്ഞെടുത്ത് തുടരുക. ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ചുള്ള സന്ദേശം ഫോണില്‍ ലഭിക്കും.
പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്സൈറ്റില്‍ പോയി Link Aadhaar ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്കിയാല് ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. 1000 രൂപയാണ് നിരക്ക്. പണമടച്ച ശേഷം ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് ഇ-ഫയലിങ് പോര്‍ട്ടല്‍ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക