വീടിനകത്തും പുറത്തുമായി വളർത്താവുന്ന ഏറ്റവും നല്ല ചെടിയാണ് സ്നേക്ക് പ്ലാന്റുകൾ. അധിക പരിചരണം ആവശ്യമില്ലാതെ ഭംഗിയിൽ വളരുന്നത് കൊണ്ടുതന്നെ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇവ ഇടം പിടിക്കുന്നുമുണ്ട്. എന്നാൽ കാഴ്ചയിലെ ഭംഗിക്ക് പുറമേ ഇവ വളർത്തുന്നതിന് മറ്റുചില ഗുണങ്ങൾ കൂടിയുണ്ട്. അന്തരീക്ഷത്തിലെ പല വിഷാംശങ്ങളും വലിച്ചെടുക്കാൻ കഴിവുള്ളവയാണ് സ്നേക്ക് പ്ലാന്റുകൾ.
അതിനാൽ ഇവ വീടിനുള്ളിൽ വളർത്തുന്നത് അകത്തളത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായകമാണ്. ഇതിനെല്ലാം പുറമേ വീട്ടിലേയ്ക്ക് സമൃദ്ധിയും ആരോഗ്യവും ഐശ്വര്യവും ആകർഷിക്കാനുള്ള കഴിവും സ്നേക്ക് പ്ലാന്റുകൾക്ക് ഉണ്ടെന്നാണ് ചൈനീസ് വാസ്തു സമ്പ്രദായമായ ഫെങ് ഷൂയി പറയുന്നത്.
പ്രധാനമായും ലിവിങ് റൂമിലാണ് ആളുകൾ സ്നേക്ക് പ്ലാന്റുകൾ വളർത്തുന്നത്. എന്നാൽ ഇത് തെറ്റായ പ്രവണതയാണ്. ഫർണിച്ചറുകൾ ഏറെ ഉള്ളതുകൊണ്ടുതന്നെ മിക്ക ലിവിങ് റൂമുകളിലും തടിയുടെ സാന്നിധ്യം അധികമായിരിക്കും. ഫെങ് ഷൂയി പ്രകാരം ചെടികളും തടിയുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഓരോ ഇടത്തിലും ഊർജ്ജങ്ങളുടെ കൃത്യമായ സന്തുലനം ആവശ്യമാണ്. അതിനാൽ ഒരേ ഘടകങ്ങൾ ഉൾപ്പെടുന്ന വസ്തുക്കൾ ഒരേ സ്ഥലത്ത് വച്ചാൽ ഈ ഊർജ്ജങ്ങൾ തമ്മിൽ യോജിക്കാതെ അസന്തുലിതാവസ്ഥ ഉണ്ടാകും.
സ്നേക്ക് പ്ലാന്റുകൾ കൂടുതലായും ഉണങ്ങിയ അന്തരീക്ഷത്തിൽ വളരുന്നവയാണ്. എന്നാൽ ബാത്റൂമുകളിൽ എപ്പോഴും ഈർപ്പത്തിന്റെ സാന്നിധ്യം ഉണ്ടാകും. അതിനാൽ ഇവ ബാത്റൂമുകളിൽ വച്ചാൽ വേഗത്തിൽ വേരുകളും ഇലകളും അഴുകി പോകാൻ സാധ്യതയുണ്ട്.
സമ്പത്തും പോസിറ്റീവ് എനർജിയും ആകർഷിക്കുന്ന ചെടി ആയതുകൊണ്ട് ഇത് ജോലി ചെയ്യാനായി പ്രത്യേകം ഒരുക്കിയിരിക്കുന്ന ഇടത്തോ ഓഫീസ് റൂമിലോ വളർത്താം എന്ന് കരുതുന്നവരുണ്ട്. എന്നാൽ ക്രിയാത്മകതയ്ക്ക് തടസ്സം സൃഷ്ടിക്കാൻ സ്നേക്ക് പ്ലാന്റുകളുടെ സാന്നിധ്യം കാരണമാകും.
ഫെങ് ഷൂയി പ്രകാരം വീടിന്റെ പ്രവേശന കവാടമാണ് സ്നേക്ക് പ്ലാന്റുകൾ വളർത്താൻ ഏറ്റവും യോജിച്ച ഇടം. പ്രതികൂല ഊർജം വീടിനകത്തേക്ക് പ്രവേശിക്കാതെ തടയാനും ഇവയുടെ സാന്നിധ്യം സഹായിക്കും. വീടിന്റെ തെക്കുഭാഗം കിഴക്കുഭാഗം അല്ലെങ്കിൽ തെക്കു കിഴക്കേ മൂല എന്നിവിടങ്ങളാണ് സ്നേക്ക് പ്ലാന്റുകൾ വളർത്താൻ ഏറ്റവും ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക