സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന നാല് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ഏഴു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
മഴ ശക്തമാകുമെന്നതിനാൽ തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം കേരളത്തിൽ കഴിഞ്ഞ ദിവസം കാലവർഷം എത്തിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കേരള തീരത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
ജൂൺ നാലുവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ശക്തമായ പടിഞ്ഞാറൻ കാറ്റ് കേരള തീരത്ത് നിലനിൽക്കുന്നതിനാൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നും കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലക്ഷദ്വീപ് തീരത്തും തെക്കൻ കേരളതീരത്തും മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നതോടൊപ്പം കടലിൽ പോകരുതെന്നും മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക