8,300 കോടി രൂപ..! ഇത്ര വലിയ തുക ഏതെങ്കിലും കോർപ്പറേറ്റ് സ്ഥാപനത്തിന്റെ വാർഷിക വരുമാനമാണെന്നൊന്നും കരുതേണ്ട. വരുന്ന രണ്ട് വർഷത്തിനുള്ളിൽ സാമൂഹിക പ്രവർത്തക മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ് നൽകാൻ പോകുന്ന സംഭാവനയുടെ കണക്കാണിത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ തുക കൈമാറുക ആഗോളതലത്തിൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആണ്.
അടുത്തിടെയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ മുൻ ഭാര്യയായ ഫ്രഞ്ച് ഗേറ്റ്സ് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിൽ നിന്ന് പടിയിറങ്ങിയത്. ബിൽ ഗേറ്റ്സിൽ നിന്ന് ഭാവിയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 12 ബില്യൺ ഡോളർ മെലിൻഡയ്ക്ക് ലഭിച്ചിരുന്നു. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ഏകദേശം 25 വർഷം മുമ്പാണ് തന്റെ മുൻ ഭർത്താവ് ബിൽ ഗേറ്റ്സുമായി സഹകരിച്ച് സ്ഥാപിച്ചത്. ജീവകാരുണ്യ പ്രവർത്തനത്തിൽ ഒരു പുതിയ അധ്യായം തുറക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മെലിൻഡ തുറന്നു പറഞ്ഞു.
2021 ൽ 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചിതരായ ബിൽ ഗേറ്റ്സും മെലിൻഡയും ഫൗണ്ടേഷനിൽ ഒരുമിച്ച് പ്രവർത്തനം തുടരാൻ ആദ്യം തീരുമാനിച്ചിരുന്നു. ശേഷം കൂടുതൽ സ്വതന്ത്രമായ പാത പിന്തുടരാൻ തീരുമാനിച്ചതിന്റെ ഫലമായാണ് മെലിൻഡ, ഫൗണ്ടേഷനിൽ നിന്ന് പടിയിറങ്ങിയത്. അമേരിക്കക്കുള്ളിലെ പ്രത്യുത്പാദന അവകാശങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉൾപ്പെടെ, ആഗോളതലത്തിൽ സ്ത്രീകളെയും കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ പിന്തുണയ്ക്കുന്നതിനാണ് മെലിൻഡ ആദ്യ പരിഗണന നൽകുന്നത്.
മുൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ, ഒളിമ്പിക് അത്ലറ്റ് അലിസൺ ഫെലിക്സ്, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് അവാ ഡുവെർനെ എന്നിവരുൾപ്പെടെ വിവിധ വ്യക്തികൾ നടപ്പാക്കുന്ന സേവന പ്രവർത്തനങ്ങൾക്ക് സഹായം നൽകുമെന്ന് മെലിൻഡ പറഞ്ഞിട്ടുണ്ട്. 20 മില്യൺ ഡോളർ ആണ് ഇവർക്ക് മാത്രമായി മെലിൻഡ നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക