പാലക്കാട്: കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ 6 യുവാക്കൾ മംഗലം ഡാം കടപ്പാറയിൽ കുടുങ്ങി. കടപ്പാറ ആലിങ്ങൽ വെള്ളച്ചാട്ടം കാണാൻ വന്ന ആറ് പേരാണ് കുടുങ്ങിയത്. യുവാക്കളെ രക്ഷപ്പെടുത്താനായുള്ള പ്രവർത്തനങ്ങൾ അഗ്നിശമന സേനയും പൊലീസും നടത്തി വരികയാണ്.
ഇന്ന് വൈകിട്ടാണ് ആറ് യുവാക്കൾ കടപ്പാറയിൽ അകപ്പെട്ടത്. വൈകുന്നേരത്തോടെ പെയ്ത കനത്ത മഴയിൽ പോത്തൻ തോട്ടിൽ വെള്ളം കരകവിഞ്ഞതോടെ യുവാക്കൾ ഡാം പരിസരത്ത് അകപ്പെടുകയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് മഴ കനക്കുകയായിരുന്നു. യുവാക്കളെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മുതൽ ആറാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേർട്ടാണ്. നാളെ കണ്ണൂർ ജില്ലയില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക