കോഴിക്കോട്: കേരളത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ മറികടക്കുന്ന വിജയം ബിജെപി കൈവരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഞ്ചോ ആറോ സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. സംസ്ഥാനത്ത് എൽഡിഎഫിന് എതിരായ ഭരണവിരുദ്ധ വികാരത്തിന്റെ ഗുണം ബിജെപിക്ക് കിട്ടും.
തെരഞ്ഞെടുപ്പ് ഫലം കേരളാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് ആരംഭമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിനും എൽഡിഎഫിനും വോട്ട് ശതമാനം ഗണ്യമായി കുറയും. കേരളത്തിൽ രണ്ട് പാര്‍ട്ടികള്‍ക്കും ബദലായി ജനങ്ങൾ ബിജെപിയെ കാണുന്നതാണ് സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങൾ നടത്തിയ പ്രവചനങ്ങൾ ശരി വെക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് മുരളീധരൻ പ്രതികരിച്ചു.
ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നും അതെവിടെയെന്ന് ഫലം വരട്ടെയെന്നുമായിരുന്നു മുരളീധരൻ നടത്തിയ പ്രതികരണം. ഉയർത്തിയ പ്രചരണ മുദ്രാവാക്യം ജനം സ്വീകരിച്ചതിന് തെളിവാണ് മാധ്യമസർവ്വേകളെന്നും യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക