മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ റയൽ മാഡ്രിഡുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്. എംബാപ്പെയും റയലും തമ്മില്‍ എല്ലാ കരാറിലും ഒപ്പുവെച്ചുവെന്ന് പ്രശസ്ത സ്പോര്‍ട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ആഴ്ചയോടെ എംബാപ്പെയെ പുതിയ സൈനിങ്ങായി റയല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റൊമാനോ എക്സില്‍ കുറിച്ചു.
“കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക്, ഇതാ ഞങ്ങൾ പോകുന്നു. എല്ലാ രേഖകളും ഒപ്പിട്ടു. കരാർ സീൽ ചെയ്ത് പൂർത്തീകരിച്ചു. റയൽ മാഡ്രിഡ്, ചാമ്പ്യൻസ് ലീഗ് നേടിയതിന് ശേഷം എംബാപ്പെയെ അടുത്ത ആഴ്ച പുതിയ സൈനിംഗായി പ്രഖ്യാപിക്കും. എംബാപ്പെ ഫെബ്രുവരിയിൽ തന്റെ തീരുമാനം എടുത്തിരുന്നു. എംബാപ്പെയെ ഇപ്പോൾ മുതൽ റയൽ കളിക്കാരനായി കണക്കാക്കാം,” റൊമാനോ ട്വീറ്റ് ചെയ്തു.
25 മില്യണാകും താരത്തിന് ലഭിക്കുന്ന സാലറി( ഏകദേശം 208 കോടി രൂപ). സൈനിംഗ് ബോണസായി 120 മില്യണോളവും ലഭിക്കുമെന്നും സൂചനയുണ്ട്. ( ഏകദേശം 1001 കോടി രൂപ). ഫ്രഞ്ച് ടീമിന്റെ നായകൻ ഫെബ്രുവരിയിൽ തന്നെ തീരുമാനം എടുത്തിരുന്നുവെന്നും ഫാബ്രിസിയോ റാെമാനോ എക്സിൽ പോസ്റ്റ് ചെയ്തു. 2029 വരെയാകും താരത്തിന്റെ കരാർ. റയലിലേക്ക് പോകുന്ന കാര്യം നേരത്തെ എംബാപ്പയുടെ മാതാവും സ്ഥിരീകരിച്ചിരുന്നു.
താരം പി.എസ്.ജി വിട്ട് റയലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം മാസങ്ങളായി ഫുട്ബാൾ ലോകത്തുണ്ട്. 25കാരനായ എംബാപ്പെ പി.എസ്.ജിയുമായി കരാർ പുതുക്കിയിരുന്നില്ല. 2023-24 സീസണൊടുവിൽ ഫ്രഞ്ച് ക്ലബുമായുള്ള കരാർ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായിട്ടാണ് എംബാപ്പെ സ്വന്തം തട്ടകം വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക