പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഉള്ളൊഴുക്ക്’. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ത്രില്ലര്‍ ചിത്രത്തിന്റെ മൂഡിലാണ് പടത്തിന്റെ ടീസര്‍ വന്നിരിക്കുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. ചിത്രം ജൂണ്‍ 21നാണ് റിലീസാകുന്നത്.
റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര് എസ് വി പിയുടെയും മക്ഗഫിന് പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ ഇന്നലെ പുറത്തുവന്ന പോസ്റ്ററിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.
ക്രിസ്റ്റോ ടോമിയ്ക്ക് കാമുകി എന്ന ഹ്രസ്വചിത്രത്തിന് അറുപത്തിമൂന്നാമത് ദേശീയ അവാര്‍ഡ്സില്‍ നോണ്‍-ഫീച്ചര്‍ സെക്ഷനില്‍ മികച്ച സംവിധായകനുള്ള സ്വര്‍ണ്ണകമല പുരസ്കാരവും, കന്യക എന്ന ഷോര്‍ട്ട് ഫിലിമിന് അറുപത്തിയൊന്നാമത് ദേശീയ അവാര്‍ഡ്സില്‍ നോണ്‍-ഫീച്ചര്‍ സെക്ഷനില്‍ മികച്ച നവാഗത സംവിധായകനുള്ള രജതകമല പുരസ്കാരവും ലഭിച്ചിരുന്നു.
സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിച്ച ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക