കോഴിക്കോട്: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് കണ്ണൂർ ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ടുള്ളത്.
24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഔദ്യോഗികമായി കേരളത്തിൽ കാലവർഷം എത്തിയെങ്കിലും കാലവർഷക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാൻ കാരണം.
പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത തുടങ്ങുകയാണ്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.
കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ആയതിന്റെ വേഗത സെക്കൻഡിൽ 35 cm നും 60 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, കൊല്ലത്തും കോട്ടയത്തും ആലപ്പുഴയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക