കൊല്ലം: ഇനി സ്മാർട്ട് ആകാൻ കെഎസ്ആർടിസിയും. ബസ് കാത്ത് നിൽക്കാതെ കൃത്യ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്താൻ ഇനി കെഎസ്ആർടിസിയുടെ പുതിയ അപ്ലിക്കേഷൻ സഹായിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസ് വരുന്ന സമയം മുതൽ സീറ്റ് ലഭ്യത, ബസ് എവിടെയെത്തി, ബസ് വരുന്ന കൃത്യ സമയം വരെ പുതിയ ആപ്പ് വരുന്നതോടെ മുൻകൂട്ടിയറിയാൻ കഴിയും. അഞ്ചുമാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകും. ആപ്പിന്റെ ട്രയൽ നടക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഓരോ ആറ് സെക്കൻഡിലും ജിപിഎസ് ട്രാക്കിങ്ങിലൂടെ അപ്പോഴത്തെ വിവരങ്ങൾ ആപ്പിൽ റിഫ്രഷ് ആയിക്കൊണ്ടിരിക്കും. ഓൺലൈൻ റിസർവേഷൻ സൗകര്യം കൂടുതൽ വിപുലീകരിക്കാനും പദ്ധതിയുണ്ട്. ബസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൺട്രോൾ റൂമിൽ അറിയാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
ഇത് മാത്രമല്ല, യാത്രക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ ഓരോ പ്രധാന സ്റ്റോപ്പിലും ടിവിയിലൂടെ നൽകുകയും ചെയ്യും. ഇതിന് വേണ്ടി എല്ലാ ബസിലും ടിവി സ്ക്രീൻ സംവിധാനവും കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കെഎസ്ആർടിസിക്ക് സാങ്കേതിക സൗകര്യമൊരുക്കുന്നതിനായി ചില സ്റ്റാർട്ടപ്പ് കമ്പനികളുമായി കെഎസ്ആർടിസി അധികൃതർ ചർച്ച നടത്തുന്നുണ്ട്. നിലവിൽ ഒരു ടിക്കറ്റിന് 15 പൈസ എന്നതാണ് കമ്പനി സർവീസ് ചാർജായി ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക