മാഡ്രിഡ്: ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ
സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡില്‍. എംബാപ്പെ വരുന്ന സീസണ് മുതല്‍ റയലിന്റെ ജേഴ്സി അണിയും. താരത്തിന്റെ വരവ് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.എംബാപ്പെയും ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
2017 മുതല്‍ റയല്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അതൊന്നും ലക്ഷ്യം കണ്ടിരുന്നില്ല. പ്രതിവര്‍ഷം ഏകദേശം 135 കോടി രൂപ എന്ന കണക്കില്‍ അഞ്ചുവര്‍ഷത്തേക്ക് റയലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സൂചനകള്‍. നികുതി ഉള്‍പ്പെടെ ചേരുമ്പോള്‍ കരാര്‍ കാലാവധിയില്‍ എംബാപ്പെയ്ക്കായി ക്ലബ് 900 കോടിയിലധികം ചെലവഴിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏഴ് സീസണുകള്‍ക്കൊടുവിലാണ് എംബാപ്പെ പാരിസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) പാളയത്തില്‍ നിന്നു ഇറങ്ങുന്നത്. ടീമിനൊപ്പം ആറ് ഫ്രഞ്ച് ലീഗ് വണ്‍, മൂന്ന് ഫ്രഞ്ച് കപ്പ്, രണ്ട് ലീഗ് കപ്പ് കിരീടങ്ങള്‍ പിഎസ്ജിക്കൊപ്പം എംബാപ്പെ നേടി. എന്നാല്‍ താരത്തിനു ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ആ സ്വപ്നത്തിന്റെ പിന്നാലെയാണ് എംബാപ്പെ റയലിലെത്തുന്നത്.
15ാം ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിനു പിന്നാലെയാണ് എംബാപ്പെയുടെ വരവ് റയല്‍ സ്ഥിരീകരിച്ചത്. പി.എസ്.ജി.യുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതോടെ ടീം വിടുമെന്ന് എംബാപ്പെ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
‘ഒരു സ്വപ്നം യാഥാര്‍ഥ്യമാകുന്നു. റയല്‍ മാഡ്രിഡില്‍ ചേരുന്നതില്‍ അളക്കാനാവാത്ത അഭിമാനവും സന്തോഷവുമുണ്ട്. നിങ്ങളെ കാണാന്‍ കാത്തിരിക്കുകയാണ്. അവിശ്വസനീയമായ പിന്തുണയ്ക്ക് നന്ദി’, എംബാപ്പെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. റയല്‍ മാഡ്രിഡ് കിറ്റ് ധരിച്ചുള്ള സ്വന്തം ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക