ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഫോണാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഐഫോണ്‍ പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്ന്. ആപ്പിള്‍ മടക്കിവെക്കാവുന്ന ഡിസ്പ്ലെകളുള്ള ഫോണുകള്‍ വികസിപ്പിക്കാനുള്ള പ്രാഥമിക ഘട്ടത്തിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നു. ഇക്കാര്യം ആപ്പിള്‍ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫോള്‍ഡബിള്‍ ഫോണുകള്‍ക്കായി പേറ്റന്റുകള്‍ക്ക് ആപ്പിള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണുകള്‍ വിപണിയില്‍ എത്താന്‍ വൈകും എന്നാണ്.
ഫോള്‍ഡബിള്‍ ഫോണുകളുമായി സാംസങും വണ്‍പ്ലസും വിവോയുമെല്ലാം വിപണിയില്‍ സജീവമായിക്കഴിഞ്ഞു. ആപ്പിള്‍ ഉടന്‍ ഇതിനെ മറികടക്കാന്‍ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സംരഭമായ ട്രെന്‍ഡ്ഫോഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത് ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ 2027 വരെ വിപണിയിലെത്തില്ല എന്നാണ്.
എന്നാല്‍ മാര്‍ക്കറ്റില്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ വന്‍ ചലനമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ല. സാങ്കേതികമായി ഏറ്റവും മികച്ച ഘടന മാര്‍ക്കറ്റില്‍ ഫോള്‍ഡബിള്‍ ഫോണ്‍ ഇറക്കും മുമ്പ് അതിന് നല്‍കാനായി ആപ്പിള്‍ ഗവേഷണത്തിലാണ് എന്നാണ് സൂചനകള്‍. ഏറ്റവും മികച്ച പെര്‍ഫോര്‍മന്‍സ് ഫോള്‍ഡബിള്‍ ഫോണുകള്‍ക്കും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിലാണ് ആപ്പിള്‍ കമ്പനി ഇപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക