മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. കേരള ഹൗസിലാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു കൊണ്ടുള്ള ക്ഷണക്കത്ത് ലഭിച്ചത്. സിപിഐഎം പി ബി യോഗത്തിനായി ഡൽഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ബിജെപിയുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, സ്ഥാനാർത്ഥികൾ എന്നിവർക്ക് ക്ഷണം ലഭിച്ചിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകൾ ഇന്ന് വൈകിട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനിൽ വച്ചാണ് നടക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ രാജ്യസഭയുടെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേരത്തെ അറിയിച്ചിട്ടുണ്ട്.
7 വിദേശ രാജ്യങ്ങളിലെ നേതാക്കൾ അടക്കം 8000 ത്തിലധികം പേരാണ് ചടങ്ങിൽ പങ്കെടുക്കുക എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ തൊഴിലാളികളും ശുചീകരണ തൊഴിലാളികളും പത്മ പുരസ്കാര ജേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിൽനിന്ന് മോഹൻലാലിനും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണം ലഭിച്ചിരുന്നുവെങ്കിലും വ്യക്തിപരമായ അസൗകര്യം കാരണം എത്താൻ ആകില്ലെന്ന് മോഹൻലാൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക