ഒട്ടനവധി വൈകാരിക മുഹൂർത്തങ്ങളുമായി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വൈകാരിക രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഉർവശിയും പാർവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നെറ്റ് ഫ്ലിക്സിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘കറി & സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിം കൂടിയാണ് ‘ഉള്ളൊഴുക്ക്’ എന്ന ചിത്രം.
നിരവധി വൈകാരിക മുഹൂർത്തങ്ങൾ നിറച്ചാണ് ക്രിസ്റ്റോ ടോമി ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചന. ജൂൺ 21ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാം ആണ്.
ആർ എസ് വി പി യുടെയും മക്ഗഫിൻ പിക്ചർസിന്റെയും ബാനറുകളിൽ റോണി സ്ക്രൂ വാലയും ഹണി ട്രെഹാനും അഭിഷേക് ചൗബെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റവറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്.
അമീർഖാൻ, രാജകുമാർ ഹിറാനി എന്നിവർ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ 2018 ൽ ‘സിനിസ്ഥാൻ ഇന്ത്യ’ തിരക്കഥ മത്സരത്തിൽ ഒന്നാം സ്ഥാനമായ 25 ലക്ഷം രൂപ നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോൾ ‘ഉള്ളൊഴുക്ക്’ എന്ന പേരിൽ സിനിമയാക്കുന്നത്.
സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥിയായ ക്രിസ്റ്റോ ടോമിക്ക് നോൺ ഫീച്ചർ സെക്ഷനിൽ 63മത് ദേശീയ അവാർഡിൽ ‘കാമുകി’ എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച സംവിധായകനുള്ള സ്വർണ കമല പുരസ്കാരവും ‘കന്യക’ എന്ന ഷോർട്ട് ഫിലിമിന് 61മത് ദേശീയ അവാർഡ് ഫീച്ചർ സെക്ഷനിൽ മികച്ച നവാഗത സംവിധായകനുള്ള രജതകമല പുരസ്കാരവും ലഭിച്ചിരുന്നു.
ഉർവശി,പാർവതി എന്നിവരെ കൂടാതെ പ്രശാന്ത് മുരളി, അലൻസിയർ, അർജുൻ രാധാകൃഷ്ണൻ, ജയ കുറുപ്പ് എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക