നടൻ ജോജു ജോർജിന് കാലിന് പരിക്ക് പറ്റിയ സംഭവം വാർത്തകളിൽ ഇടം നേടിയിരുന്നു. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന തഗ് ലൈഫ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് പരിക്കേറ്റത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടയിലല്ല ജോജുവിന് പരിക്കേറ്റത് എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
അദ്ദേഹത്തിന് പരിക്കേറ്റു, എന്നാൽ അത് ആക്ഷൻ രംഗം എടുക്കുന്നതിനിടെയല്ല. ഏറെ വേദനയെടുത്തിട്ടും അദ്ദേഹം തന്റെ രംഗങ്ങൾ മനോഹരമായി തന്നെ പൂർത്തിയാക്കി. അതിൽ തങ്ങൾക്ക് നന്ദിയുണ്ടെന്ന് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ശിവ ആനന്ദ് മാധ്യമത്തോട് പ്രതികരിച്ചു. സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അൻപറിവും നടന് പരിക്കേറ്റത് ചിത്രീകരണത്തിനിടയിലല്ലെന്ന് സ്ഥിരീകരണം നടത്തി.
കമൽഹാസനൊപ്പം പോണ്ടിച്ചേരിയിൽ ഹെലികോപ്റ്ററിലെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ജോജു ജോർജിന് പരിക്കേറ്റതായും തുടർന്ന് ചിത്രീകരണം നിർത്തിയെന്നുമാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. സിനിമയിൽ സുപ്രധാനമായ കഥാപാത്രത്തെയാണ് ജോജു ചെയ്യുന്നത്. മലയാളി നടി ഐശ്വര്യ ലക്ഷ്മിയും തഗ് ലൈഫിന്റെ ഭാഗമാണ്.
രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും ചെയ്യുന്നു. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിമ്പു, തൃഷ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക