കാറിൽ നീന്തൽകുളമുരുക്കി യാത്ര ചെയ്ത സംഭവത്തിൽ വ്ലോഗർ സഞ്ജു ടെക്കി( ടി എസ് സജു )യുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സഞ്ജു ടെക്കിയുടെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കിയത്. തന്റെ യൂട്യൂബ് ചാനലിൽ സഞ്ജു ടെക്കി അപ്ലോഡ് ചെയ്ത പഴയകാല വീഡിയോകൾ കൂടി പരിഗണിച്ച് ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കിയ എൻഫോഴ്സ്മെന്റ് ആർടിഒ നടപടിക്കെതിരെ സഞ്ജുവിന് അപ്പീൽ പോകാൻ സാധിക്കുമെന്നും പറഞ്ഞു.
ശിക്ഷാ നടപടികളുടെ ഭാഗമായി മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ പരിശീലനം പൂർത്തിയാക്കിയ സഞ്ജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്നദ്ധ സേവനവും ചെയ്തിരുന്നു. സഞ്ജുവിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത് ഇയാൾ തുടർച്ചയായി നിയമലംഘനം നടത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.
മോട്ടോർ വാഹന നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മണ്ണഞ്ചേരി പോലീസ് സഞ്ജുവിനെതിരെ കേസെടുത്തത്. നിയമലംഘനം നടത്തിയതിനുശേഷം 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ചാണ് കേസ് മൂലം തനിക്ക് കിട്ടിയതെന്ന് കാണിച്ച് യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പോലീസ് ഇയാൾക്കെതിരെ കേസ് എടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക