നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പുഷ്പ 2 ടീം എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽനിന്ന് ഇതുവരെ അക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും വന്നിരുന്നില്ല.
എന്നാൽ ഇന്ന് നിർമ്മാതാക്കൾ തന്നെ പുഷ്പ 2വിന്റെ റിലീസ് മാറ്റിവച്ചതായി അറിയിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന പുഷ്പ 2 ഇനി എത്തുക ഈ വർഷം ഡിസംബർ 6-നാകും.
അല്ലു അർജുൻ ആരാധകരും സിനിമാപ്രേമികളും ഒരേ പോലെയാണ് പുഷ്പ 2-വിന്റെ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുന്നത്. 2021ൽ പുറത്തിറങ്ങി എല്ലാ തരത്തിലും ഒരു പാൻ-ഇന്ത്യൻ ചിത്രം എന്ന വിളിപ്പേരിന് അർഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 വരുന്നത്.
പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികൾ വലിയ ആഘോഷമാക്കിയിരുന്നു. മലയാളികളുടെ പ്രിയങ്കരൻ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അർത്ഥത്തിലും ബ്ലോക്ക്ബസ്റ്റർ ആയ ചിത്രത്തിലൂടെ അല്ലു അർജുന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡും നേടിക്കൊടുത്തിരുന്നു.
ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തിക്കൊണ്ട് അവസാനിച്ച പുഷ്പയുടെ തുടർച്ചയ്ക്കായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന തരത്തിലും, ഇന്ത്യയൊട്ടുക്ക് തരംഗം തീർത്ത പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക