തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ ആറ് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ടുള്ളത്.
അതേസമയം വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ജൂണ്‍ 21ന് ഓറഞ്ച് അലേർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ജൂണ്‍ 22ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളിൽ നൽകിയിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക