നെഹ്റു ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണം മാത്രമാണ് കോൺഗ്രസ് പാർട്ടി എന്ന് തെളിഞ്ഞതായും പാലക്കാട് റോബർട്ട് വദ്രയെ സ്ഥാനാർത്ഥിയാക്കാൻ തയ്യാറാകണമെന്നും പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. റോബർട്ട് വദ്രയെ പാലക്കാട് സ്ഥാനാർത്ഥിയായി നിർത്തണം എന്നും രാഹുൽ ഗാന്ധി അതിന് തയ്യാറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സഹോദരി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിട്ടുണ്ട് എന്നും സഹോദരിയുടെ ഭർത്താവ് റോബർട്ട് വദ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിർത്താൻ രാഹുൽ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നെഹ്റു- ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു ഉപകരണം മാത്രമാണ് കോൺഗ്രസ് പാർട്ടി എന്ന് ഒരിക്കൽ കൂടി സംശയമില്ലാതെ തെളിഞ്ഞതായി പറഞ്ഞ അദ്ദേഹം രാഹുലിന്റെ കുടുംബത്തിന്റെ വികാരങ്ങൾ ഇപ്പോൾ ജനങ്ങൾക്ക് കൃത്യമായി അറിയാം എന്നും പറഞ്ഞു.
വയനാട് ലോക്സഭാ മണ്ഡലത്തിലും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുകയും സഹോദരി പ്രിയങ്ക ഗാന്ധിയെ വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനും കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ രാഹുൽഗാന്ധിക്കെതിരെയുള്ള പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക