തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. ഇന്ന് മൂന്നു ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്.ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കർണാടക തീരം മുതൽ കേരളാ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനവും മഴക്ക് കാരണമാണ്.
ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലെര്‍ട്ടിനു സമാനമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെയും തമിഴ്നാട് തീരത്ത് നാളെ രാത്രി ഏഴ് മണി വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക