കല്യാണ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടി മീര നന്ദൻ. മെഹന്ദി ചടങ്ങിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ താര സുന്ദരിമാരും എത്തിയിരുന്നു. അടുത്ത കൂട്ടുകാരായ ആൻ അഗസ്റ്റിൻ, നസ്രിയ നസിം, സൃന്ദ എന്നിവരെ മെഹന്ദി ചടങ്ങുകളിലെ ചിത്രങ്ങളിൽ കാണാം. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്., സജിത്ത് ആൻഡ് സുജിത്ത് എന്നിവരും എത്തിയിരുന്നു. മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഹൽദിയുടെ ചിത്രങ്ങളാണ് ഇന്ന് മീരാ നന്ദൻ ഷെയ്തത്. ഒപ്പം ശ്രീജുവും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് മീരാ നന്ദൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ ശ്രീജുവും ഒത്തുള്ള വിവാഹ നിശ്ചയ ഫോട്ടോകളും മീരാ നന്ദൻ പങ്കുവച്ചിരുന്നു.
ലണ്ടനിൽ ജനിച്ച് വളർന്ന ആളാണ് ശ്രീജു. “ഞങ്ങളുടേത് പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. ഞങ്ങളുടെ അമ്മമാരാണ് ആദ്യം സംസാരിച്ചത്. ശേഷമാണ് നമ്മൾക്ക് നമ്പർ തരുന്നതും സംസാരിക്കുന്നതും. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നത് കൊണ്ട് ആദ്യം എനിക്ക് താല്പര്യ കുറവ് ഉണ്ടായിരുന്നു. പിന്നീട് നമ്മൾ കണ്ടു. എന്റെ തീരുമാനങ്ങൾ പറഞ്ഞു. ദുബൈയിൽ നിന്നും മാറണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എനിക്ക് താല്പര്യമായത്. ഈസി ഗോയിങ് ആയിട്ടുള്ള ആളാണ് ശ്രീജു. ഞാൻ അങ്ങന ഒരാളല്ല. ടെൻഷൻ ആയിട്ടുള്ള കാര്യങ്ങൾ വളരെ കൂളായി അദ്ദേഹം എടുക്കാറുണ്ട്. അതാണ് എന്നെ ആകർഷിച്ചൊരു കാര്യം. ശരിയായ സമയത്ത് ഒരാളെ കിട്ടിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്”, എന്നാണ് മീര അന്ന് പറഞ്ഞത്.
ദിലീപ് നായകനായെത്തിയ മുല്ലയിലൂടെയാണ് മീര നന്ദന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തെലുങ്കിലും കന്നഡയിലും താരം അഭിനയിച്ചു. 2017നുശേഷം ആറുവര്ഷത്തോളം മീര നന്ദൻ സിനിമയിൽ അഭിനയിച്ചിരുന്നില്ല. സിനിമയിൽ സജീവമല്ലാത്ത സമയം ദുബായിൽ ആർ ജെയായി പ്രവർത്തിക്കുകയായിരുന്നു താരം. 2023ൽ വർഷം പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക