ജബല്‍പുര്‍: മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം. ബല്പുര് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. വ്യാഴാഴ്ച പെയ്ത കനത്ത മഴയെത്തുടർന്നാണ് അപകടം ഉണ്ടായത്.
മേല്‍ക്കൂരയിലെ ലോഹഭാഗം വീണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ കാര്‍ തകര്‍ന്നു. തലനാരിഴയ്ക്കാണ് യാത്രക്കാരനും ഡ്രൈവറും രക്ഷപ്പെട്ടത്. ഇരുവരും കാറില്‍ നിന്നിറങ്ങി നിമിഷങ്ങള്‍ക്കകമായിരുന്നു അപകടം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ്റേതാണ് കാര്‍.
ടെര്‍മിനല്‍ നിര്‍മ്മിച്ച ശേഷം ആദ്യമായി പെയ്യുന്ന മഴയാണ് ഇത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍മാണത്തില്‍ അപാകതയുണ്ടോ എന്നുള്ളതടക്കം അന്വേഷിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.വിമാനത്താവളത്തിൽ അപകടമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അന്വേഷണം നടക്കുന്നുണ്ടെന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രി രാകേഷ് സിംഗ് പറഞ്ഞു.
ഡൽഹി വിമാനത്താവള ടെർമിനലിന്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവന് നഷ്ടമായിരുന്നു. ടാക്സി ഡ്രൈവറാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. നിരവധി കാറുകളും തകർന്നിരുന്നു. വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിലായിരുന്നു അപകടം നടന്നത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക