നോയിഡ: ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂർ ഗ്രാമത്തിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് വൻ അപകടം. വെള്ളിയാഴ്ച്ച വൈകിട്ട് ഉണ്ടയാ അപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചു. അഞ്ചു പേർക്ക് ഗുരുതര പരിക്കുണ്ട്. വെള്ളിയാഴ്ച്ച രാവിലെ മുതൽ കനത്ത മഴ പെയ്തത് കാരണം ഭിത്തിയുടെ അടിത്തറ ദുർബലമായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സെൻട്രൽ നോയിഡയിലെ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹൃദേഷ് കതേരിയ പറയുന്നത് പ്രകാരം രാത്രി 7.45 ഓടെയാണ് സംഭവം.
സഗീർ എന്ന വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടം. കുടുംബത്തിൽ പെട്ട എട്ട് കുട്ടികൾ മതിലിന് അടുത്തായി കളിക്കുകയായിരുന്നു. രാത്രി 7.45 ഓടെ വീടിന്റെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. പൊലീസും അത്യാഹിത സേനകളും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരിച്ചവരിൽ രണ്ട് വയസ്സുള്ള ഒരുകുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ചു കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
അഹദ് (4), അൽഫിസ (2), ആദിൽ (8) എന്നിവരാണ് മരണപ്പെട്ടത്. ആയിഷ (16), ഹുസൈൻ (5), സോഹ്ന (12), വാസിൽ (11), സമീർ (15) എന്നീ കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് സെൻട്രൽ നോയിഡ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക