സൂര്യൻ അസ്തമിച്ചാൽ പ്രപഞ്ചം മുഴുവനും ഇരുട്ട് വ്യാപിക്കും. എന്നാൽ അസ്തമിച്ചിട്ടും വെളിച്ചം കെട്ടു പോകാതെ മലയാള സാഹിത്യ പ്രേമികളുടെ മനസ്സിൽ ഉജ്ജ്വല സൂര്യ പ്രകാശമായി ഇന്നും ജ്വലിച്ചു നിൽക്കുകയാണ് ശ്രീ ഒ എൻ വി കുറുപ്പ്.
ചങ്ങമ്പുഴ എന്ന കാവ്യസൂര്യന് ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരുന്ന മലയാള സാഹിത്യത്തിന് ഒരു പുത്തൻ മാർഗം കാണിച്ചു കൊടുക്കുന്നതിൽ ഏറെ പങ്കുവഹിച്ച കവിയാണ് ഒ എൻ വി. കാല്പനികതയുടെ മായാലോകത്തു നിന്നും മലയാള കവിതയെ ജീവിത യാഥാർഥ്യങ്ങളുടെ പരുക്കൻ ചുവപ്പിലേക്ക് നയിക്കാൻ ഒ എൻ വിക്കും സമകാലികർക്കും കഴിഞ്ഞു.
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന മലയാളികളുടെ ഒ എൻ വി 1931 മെയ് 27 ന് കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം. 1948-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു ഒ എൻ വി.
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ , മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുതിയിരുന്ന ഒ.എൻ.വി. ശ്രീ ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, കേരള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, പത്മശ്രീ, പത്മവിഭൂഷൺ, ജ്ഞാനപീഠം തുടങ്ങിയവ അവയിൽ ചിലത് മാത്രം.
1987-ൽ മാസിഡോണിയയിലെ സ്ട്രൂഗ അന്തർദ്ദേശീയ കാവ്യോത്സവത്തിൽ ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്തു.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ പൊറുതിമുട്ടിയിരുന്നുവെങ്കിലും കവിതാലോകത്തും സംസ്കാരികമണ്ഡലങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു ഒ.എൻ.വി. 2016 ജനുവരി 21-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പാകിസ്താനി ഗസൽ മാന്ത്രികൻ ഗുലാം അലിയുടെ കച്ചേരിയാണ് അദ്ദേഹം അവസാനം പങ്കെടുത്ത പൊതുപരിപാടി. വീൽച്ചെയറിലാണ് അദ്ദേഹം അന്ന് പരിപാടിയ്ക്കെത്തിയത്. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ 2016 ഫെബ്രുവരി 13-ന് വൈകീട്ട് 4:30-ന് തന്റെ 84-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.
അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ 84 ഗായകർ അദ്ദേഹം ജീവിച്ച 84 വർഷങ്ങളെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ആലപിച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക