തെലങ്കാനയിൽ നട്ടുപിടിപ്പിച്ച മരത്തൈകള്‍ തിന്നു നശിപ്പിച്ചതിന്റെ പേരില്‍ രണ്ട് ആടുകളെ പോലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിലെ ഹുസുറാബാദിലാണ് സംഭവം . സന്നദ്ധ സംഘടന നട്ടുപിടിപ്പിച്ച തൈകള്‍ തിന്നുനശിപ്പിച്ച കുറ്റത്തിനാണ് രണ്ട് ആടുകളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
‘സേവ് ട്രീസ്’ എന്ന പേരിലുള്ള സന്നദ്ധ സംഘടന, വനവല്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരത്തൈകളാണ് ആടുകള്‍ തിന്നു നശിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് സംഘടന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.നഗരത്തില്‍ ആകെ 900 മരങ്ങള്‍ നട്ടതായും ഇതില്‍ 250 എണ്ണം ആടുകള്‍ തിന്നതായും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍, തുടര്‍ച്ചയായി തൈകള്‍ നശിപ്പിച്ചതിന്റെ പേരില്‍ കരിംനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തങ്ങളുടെ തൈകള്‍ തിന്ന ആടുകളെ കഴിഞ്ഞ ദിവസം സംഘടനാ പ്രവര്‍ത്തകര്‍ കൈയ്യോടെ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു.
ആടുകള്‍ പോലീസ് കസ്റ്റഡിയിലായ വിവരമറിഞ്ഞ് ആടുകളുടെ ഉടമയായ കുമ്മാരിവാഡ സ്വദേശി രാജയ്യ പോലീസ് സ്റ്റേഷനിലെത്തി. ആടുകളെ ഇനിഅഴിച്ചുവിടില്ലെന്നും വീട്ടില്‍ത്തന്നെ തീറ്റ നല്കി വളര്‍ത്താമെന്നും ഇയാള്‍ പോലീസിന് ഉറപ്പുനല്‍കിയതിനെ തുടർന്ന് ആയിരം രൂപ പിഴ ചുമത്തി ആടുകളെ വിട്ടുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക