ചെമ്പരത്തിയില്ലാത്ത നാട്ടിൻ പുറങ്ങൾ ഇല്ലായെന്ന് തന്നെ പറയാം. പണ്ട് കാലം മുതൽ താളിയായി തേയ്ക്കാൻ ചെമ്പരത്തി ഇലയും പൂക്കളും ഉപയോഗിക്കുക ഒരു ശീലമായിരുന്നു.
ചെമ്പരത്തി പ്രകൃതിദത്ത ഷാമ്പൂ എന്നാണ് അറിയപ്പെടുന്നത്. ഒരു കപ്പ് ചൂടുവെള്ളത്തിൽ ചെമ്പരത്തി ഇലയും പൂവും മിക്സ് ചെയ്ത് നല്ലതു പോലെ അരച്ചെടുക്കുക. ഇത് അരിച്ചെടുത്ത് മുടിയിൽ തേച്ച് പിടിപ്പിക്കുക. തലയിലെ താരൻ അകറ്റാനും മുടി തഴച്ചു വളരാനും ഗുണം ചെയ്യും.
ചെമ്പരത്തി ചായ ഒരു ലോക പാനീയമാണ്. ഇത് ഒരു കടുത്ത ചുവപ്പു നിറമുള്ളതോ ഇളം ചുവപ്പോ ആയ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധ ചായ ആണ്. . ഈ ചായയിൽ ജീവകം സി, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.
ഷാംപൂ, സോപ്പ്, മരുന്ന് എന്നിവയുടെ നിർമ്മാണത്തിനും ഇവ ഉപയോഗിക്കുന്നു. ചെമ്പരത്തി പൂവിൽ ബീറ്റ കരോട്ടിൻ, ഫോസ്ഫറസ്, ഇരുമ്പ്, തയാമി, വൈറ്റമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. ഇതിനാൽ ചെമ്പരത്തി പൂവ് ദാഹശമിനിയിലും ചായയിലും കറികളിലും അച്ചാറുകളിലും ഉപയോഗിക്കുന്നു.
ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്. രോഗ പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്.
പല വിധത്തിലുള്ള ചർമ്മ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് ചെമ്പരത്തി സഹായിക്കുന്നു. ചുമ, ജലദോഷം എന്നിവയെ തടയാൻ സഹായിക്കുന്ന വിറ്റാമിൻ സി സമൃദ്ധമായി ചെമ്പരത്തി ചായയിൽ അടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും
മുഖത്തെ കറുത്ത പാടുകൾ മാറാൻ ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നത് നല്ലതാണ്. ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാ വയലറ്റ് റേഡിയേഷൻ ഒഴിവാക്കാൻ സഹായിക്കുന്നു. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ചർമ്മത്തിലെ ചുളിവുകൾ മാറാൻ ഇത് ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക