കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന് രംഗത്ത്. തനിക്ക് കോവിഡ് നെഗറ്റീവ് ആയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജപ്രചരണമാണെന്നും താരം ട്വീറ്റ് ചെയ്തു. കോവിഡ് ബാധിച്ച് അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് ബാധിതനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത അമിതാഭ് ബച്ചന് പരിശോധനയിൽ നെഗറ്റീവ് സ്ഥിരീകരിച്ചുവെന്നും ആരാധകരുടെ പ്രാർഥനകൾ ഫലം കണ്ടുവെന്നുമുള്ള തരത്തില്‍ ചില ദേശീയ മാധ്യമങ്ങള്‍ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് താരം ട്വിറ്ററിലൂടെ പ്രതികരിച്ചത്.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരെ താരം രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു. ‘ഈ വാർത്ത തെറ്റാണ്, വ്യാജമാണ്, കെട്ടിച്ചമച്ചതാണ്, വളരെ നിരുത്തരവാദിത്തപരമായ സമീപനമാണിത്. ‘ ഒരു ദേശീയ മാധ്യമം പുറത്തുവിട്ട വാര്‍ത്ത പങ്കുവെച്ചു കൊണ്ടാണ് അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തത്.
.. this news is incorrect , irresponsible , fake and an incorrigible LIE !! https://t.co/uI2xIjMsUU
— Amitabh Bachchan (@SrBachchan) July 23, 2020
കോവിഡ് ബാധിച്ച് അമിതാഭ് ബച്ചനെയും അഭിഷേകിനെയും ജൂലൈ 11നാണ് മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയ്ക്കും പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജയാ ബച്ചന് മാത്രമാണ് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നത്. കോവിഡ് പോസിറ്റീവ് ആയതിനു ശേഷം വീട്ടിൽ കഴിഞ്ഞിരുന്ന ഐശ്വര്യ റായിയെയും മകളെയും പിന്നീട് ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക