ഭോപ്പാല്‍: തനിക്ക് വേണ്ടി മ്യൂസിക് വീഡിയോ നിര്‍മിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയായ 16കാരനാണ് പ്രധാന മന്ത്രിയ്ക്ക് കത്തെഴുതിയ ശേഷം ആത്മഹത്യ ചെയ്തത്. മധ്യപ്രദേശ് സര്‍ക്കാറിനും കത്തെഴുതിയ ശേഷം ട്രെയ്നിനു മുന്പില് ചാടി ജീവനൊടുക്കുകയായിരുന്നു. തനിക്ക് വേണ്ടി ഒരു മ്യൂസിക് വീഡിയോ നിര്‍മിക്കണമെന്നും ഗായകന് അര്‍ജിത് സിങ് തന്നെ ഗാനം ആലപിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ഇത് തന്റെ അവസാന ആഗ്രഹം ആണെന്നും പ്രധാനമന്ത്രി നടത്തിതരണമെന്നും കത്തില്‍ ആവിശ്യപ്പെടുന്നു. ഇത്തരമൊരു കത്തെഴുതിയ ശേഷം അജിത് വന്‍ഷ്കര്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. വലിയ നര്‍ത്തകനായി പേരെടുക്കണമെന്നതായിരുന്നു അജിത്തിന്റെ ആഗ്രഹം. എന്നാല്‍ അത് സാധിക്കാതെ വന്നതിന്റെ നിരാശയിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.
നര്‍ത്തകനായി പേരെടുക്കണമെന്നതന്റെ സ്വപ്നങ്ങള്‍ പിന്തുടരാന് മാതാപിതാക്കള്‍ പിന്തുണ നല്‍കുന്നില്ലെന്നും കുട്ടി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പണമുള്ളവര്‍ക്ക് മാത്രമേ ഇത് സാധിക്കൂ എന്ന ധാരണയാണ് മാതാപിതാക്കള്‍ക്ക്. അതുകൊണ്ടു തന്നെ അവര്‍ തന്റെ ഹെയര്‍സ്റ്റൈല്‍ പോലും ഇഷ്ടപ്പെടുന്നില്ല എന്നും കത്തിൽ പറയുന്നുണ്ട്. എന്നാൽ മാതാപിതാക്കള്‍ തന്നോട് ക്ഷമിക്കണമെന്നും കുട്ടി ആവശ്യപ്പെടുന്നു. മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി അര്‍ജിത് സിങ് ആലപിക്കുകയും സുശാന്ത് ഖത്രി കൊറിയോഗ്രാഫ് ചെയ്യുകയും വേണം എന്ന ആവിശ്യമാണ് അജിത് കത്തിൽ ഉന്നയിച്ചിട്ടുള്ളത്. എങ്കില്‍ മാത്രമേ തന്റെ ആത്മാവിന് ശാന്തി കിട്ടൂ എന്നും പറയുന്നു. അവസാനം തന്റെ ആഗ്രഹം പ്രധാനമന്ത്രിയെ അറിയിക്കണം എന്നും തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക