നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കെ.എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് തുടക്കം.
ഐ.വി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ്ചിത്രത്തിലൂടെയാണ് മനോഹർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലൈ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ, കൈതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.
വിശാലിന്റെ വീരമേ വാഗൈ സൂഡും ആണ് അവസാന ചിത്രം. 2009 ൽ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹർ അരങ്ങേറ്റം കുറിച്ചത്. നകുൽ, സുനൈ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നന്ദ, ഷംന കാസിം, സന്താനം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 2011 ൽ വെല്ലൂർ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക