കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുമ്പ് ആറ് സന്തോഷ് ട്രോഫികളിൽ കേരളത്തിന് വേണ്ടി ബൂട്ട് അണിഞ്ഞ ജിജോ ജോസഫ് ടീമിനെ നയിക്കും. ജിജോ തന്നെയാണ് എസ് ബി ഐ ടീമിലെ സീനിയർ താരവും.
യുവതാരങ്ങൾക്ക് പ്രാധാന്യം കൊടുത്താണ് ടീം ഉണ്ടാക്കിയത്. ടീമിലെ എല്ലാവരും 30 വയസിന് താഴെയുള്ളവരാണ്. 22 അംഗ ടീമിനെമുൻ ഗോകുലം കേരള പരിശീലകന് ബിനോ ജോര്‍ജും സംഘവും പ്രഖ്യാപിച്ചത്. ഇതിൽ 13 താരങ്ങളും ടീമിൽ പുതുമുഖങ്ങളാണ്. അണ്ടര്‍ 21 ടീം അംഗങ്ങളും ഇത്തവണ ടീമില്‍ ഇടം നേടിയിട്ടുണ്ട്. പരിശീലകസംഘത്തിൽ ബിനോ ജോര്‍ജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമന്, ഗോള്‍കീപ്പര്‍ പരിശീലകനായി സജി ജോയി എന്നിവരുമുണ്ട്.
ലോക റെയിൽവേ ചാമ്പ്യൻഷിപ്പിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച തിരുവനന്തപുരം സ്വദേശി എസ് രാജേഷ് ആയിരിക്കും മുന്നേറ്റനിരയെ നയിക്കുക. മൂന്ന് തവണ കർണാടകയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ മത്സരിച്ച പരിചയസമ്പത്തോടെയാണ് രാജേഷ് ഇത്തവണ കേരളത്തിനായി ബൂട്ട് അണിയുന്നത്. ഗോകുലം കേരളാ മുൻ താരവും കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് താരവുമായിരുന്ന അർജുൻ ജയരാജും ഇത്തവണത്തെ കേരള ടീമിൽ അംഗമാണ്.
ഡിസംബർ ഒന്നിന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം ലക്ഷദീപിനെ നേരിടും. ലക്ഷദ്വീപ് ടീം കേരളത്തിൽ എത്തി സന്തോഷ് ട്രോഫിക്കായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 3 ന് കേരളം ആൻഡമാനെയും ഡിസംബർ 5 ന് പോണ്ടിച്ചേരിയെയും നേരിടും.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക