കൊച്ചി: വറ്റ കുടുംബത്തിൽപെട്ട പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കണ്ടെത്തി.
വറ്റകളിൽ തന്നെയുള്ള ‘ക്വീൻഫിഷ്’ വിഭാഗത്തിൽ പെടുന്ന ഈ മീനിനെ ശാസ്ത്രീയ പഠനങ്ങളിലൂടെയാണ് പുതിയ മത്സ്യമാണെന്ന് സിഎംഎഫ്ആർഐ തിരിച്ചറിഞ്ഞത്. ‘സ്കോംബറോയിഡ്സ് പെലാജിക്കസ്’ എന്നാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ ഈ മീനിന് നാമകരണം ചെയ്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കിടയിൽ പോളവറ്റ എന്നാണ് ഇതിന്റെ വിളിപ്പേര്.
ഇന്ത്യൻ തീരങ്ങളിൽ 60ഓളം വറ്റയിനങ്ങളുണ്ട്. അവയിൽ നാല് ക്വീൻഫിഷുകളാണ് നിലവിലുണ്ടായിരുന്നത്. അഞ്ചാമത് ക്വീൻഫിഷാണ് പുതുതായി കണ്ടെത്തിയ പോളവറ്റ. നേരത്തെ ഈ വിഭാത്തിൽപെട്ട മൂന്ന് മീനുകൾക്ക് വംശനാശം സംഭവിച്ചിരുന്നു.
ഇത്തരത്തിൽ അുടത്ത കാലത്തായി പല മീനുകൾക്കും വംശനാശം സംഭവിക്കുമ്പോൾ സമുദ്രജൈവ വൈവിധ്യത്തിന് ശക്തിപകരുന്നതാണ് പോളവറ്റയുടെ കണ്ടെത്തലെന്ന് മീനിനെ കണ്ടെത്താൻ നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു.
സമുദ്രസമ്പത്തിന്റെ പരിപാലന രീതികളിൽ കൃത്യത വരുത്തുന്നതിനും സിഎംഎഫ്ആർഐയുടെ പുതിയ നേട്ടം സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക