സലാം ബാപ്പു സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം യുഎഇ റാസല്‍ഖൈമയില്‍ തുടങ്ങി. ഷെയ്ന് നിഗം നായകനാവുന്ന ചിത്രത്തിന്റെ പേര് ആയിരത്തൊന്നാം രാവ് എന്നാണ്. ജുമാന ഖാന് ആണ് നായിക. ടിക് ടോക് വീഡിയോകളിലൂടെ വലിയ ആരാധക വൃന്ദത്തെ നേടിയ ജുമാനയുടെ സിനിമാ അരങ്ങേറ്റമാണ് ഇത്. ഗോള്‍ഡന്‍ എസ് പിക്ചേഴ്സിന്റെ ബാനറില്‍ ശ്യാംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ്, ഫെരീഫ് എം പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ദുബൈ, ഷാര്‍ജ, അബുദബി, അജ്മാന് എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. റെഡ് വൈന്‍, മംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മംഗ്ലീഷിനു ശേഷം അദ്ദേഹം ഒരു കന്നഡ ചിത്രത്തിന് തിരക്കഥയൊരുക്കുകയും ചെയ്തിരുന്നു. ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന ഈ ചിത്രത്തില്‍ ഭാവനയായിരുന്നു നായിക. പുതിയ ചിത്രത്തിന്റെ രചനയും സലാം ബാപ്പുവിന്റേതു തന്നെയാണ്.
പഠനശേഷം മലപ്പുറത്തുനിന്നും ദുബൈയില്‍ എത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം പറയുന്നത് സൗഹൃദത്തിന്റെ കഥയാണ്. സൗബിന് ഷാഹിര്‍, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവര്‍ക്കൊപ്പം യുഎഇയില്‍ നിന്നുള്ള നിരവധി കലാകാരന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്. ഛായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിതേഷ് പൊയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക