ഡല്‍ഹി: അഗ്നിപഥിനെതിരായ പ്രതിഷേധം ശക്തമായിരിക്കെ കേന്ദ്ര സർക്കാറിനോട് ചോദ്യവുമായി അസദുദ്ദീൻ ഒവൈസി എംപി . എത്ര സമരക്കാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ഒവൈസി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെറ്റായ തീരുമാനം കാരണം യുവാക്കൾ തെരുവിലിറങ്ങിയിരിക്കുകയാണ്. എത്ര പ്രതിഷേധക്കാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കും. ആരുടേയും വീട് പൊളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അഗ്നിപഥിനെതിരെയുള്ള പ്രതിഷേധക്കാർ കുട്ടികളെപ്പോലെയാണെന്നും അവർക്ക് ഉപദേശം നൽകണമെന്നുമാണ് യുപിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്.
എന്തേ മുസ്ലീങ്ങൾ നിങ്ങളുടെ കുട്ടികളല്ലേ? ഞങ്ങളും ഈ രാജ്യത്തിന്റെ മക്കളാണ്. നിങ്ങൾ ഞങ്ങളോട് സംസാരിക്കൂ. കഴിഞ്ഞ വെള്ളിയാഴ്ച നിങ്ങൾ ഞങ്ങളോട് സംസാരിക്കേണ്ടതായിരുന്നു-ഒവൈസി പറഞ്ഞു.
മുഹമ്മദ് നബിയെ കുറിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്കെതിരെ വീട് തകർക്കുന്ന നടപടിയുടെ പശ്ചാത്തലത്തിലാണ് എഐഎംഐഎം നേതാവ് ഒവൈസിയുടെ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക