ഒരു ലക്ഷത്തില്‍ 12.7 എന്ന കണക്കില്‍ സ്താനര്‍ബുദം മൂലം നമ്മുടെ രാജ്യത്ത് മരണവും സംഭവിക്കുന്നു. സ്താനാര്‍ബുദ പരിശോധനകളുടെ അപര്യാപ്തതയും ഇതിനെ കുറിച്ച് ആവശ്യത്തിന് ബോധവത്ക്കരണം ഇല്ലാത്തതുമാണ് ഉയര്‍ന്ന മരണനിരക്കിന്റെ കാരണങ്ങള്‍.
സ്തനാര്‍ബുദം വരുന്നതിനുള്ള അപകട സാധ്യത ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഇനി പറയുന്നവയാണ്
1. പ്രായം
പ്രായം കൂടുന്നതോടെ സ്താനര്‍ബുദ സാധ്യതയും ഉയരും. പല കേസുകളിലും സ്തനാര്‍ബുദം കണ്ടെത്തുന്നത് 50 വയസ്സിന് മുകളിലാണ്.
2. ജനിതക കാരണങ്ങള്‍
ബിആര്‍സിഎ1, ബിആര്‍സിഎ2 എന്നിങ്ങനെ ചില ജീനുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ സ്തനാര്‍ബുദത്തിലേക്ക് നയിക്കും. ഈ ജനിതക വ്യതിയാനങ്ങള്‍ പകര്‍ന്ന് കിട്ടുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദവും അണ്ഡാശയാര്‍ബുദവും ഉണ്ടാകാനുള്ള സാധ്യത അധികമാണ്.
3. സ്തനാര്‍ബുദത്തിന്റെ കുടുംബചരിത്രം
കുടുംബത്തില്‍ അമ്മ, സഹോദരി, മകള്‍ എന്നിങ്ങനെ അടുത്ത സ്വന്തക്കാര്‍ക്ക് സ്താനാര്‍ബുദം ഉണ്ടായാല്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്.
4. ഒരിക്കല്‍ വന്നവര്‍ക്ക്
ഒരു തവണ സ്തനാര്‍ബുദം വന്നവര്‍ക്ക് വീണ്ടും അര്‍ബുദകോശങ്ങള്‍ വളരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
5. റേഡിയേഷന് തെറാപ്പി
നെഞ്ചിലോ സ്തനങ്ങളിലോ 30 വയസ്സിന് മുന്‍പ് റേഡിയേഷന് തെറാപ്പിക്ക് വിധേയരായ സ്ത്രീകള്‍ക്കും സ്തനാര്‍ബുദ സാധ്യത കൂടുതലാണ്.
6. നിബിഡതയേറിയ സ്തന കോശങ്ങള്‍
നിബിഡമായ സ്തന കോശങ്ങളുള്ള സ്ത്രീകള്‍ക്കും അര്‍ബുദ സാധ്യത അധികമാണ്. നിബിഡമായ സ്തനകോശങ്ങളുള്ളവരില് കൊഴുപ്പ് കോശങ്ങളേക്കാള്‍ കണക്ടീവ് കോശസംയുക്തങ്ങളാകും കൂടുതലുണ്ടാകുക. ഇത് മൂലം മാമോഗ്രാം പരിശോധനയില്‍ അര്‍ബുദ മുഴകള്‍ തിരിച്ചറിയപ്പെടാതെ പോകാനും സാധ്യതയുണ്ട്.
7. ശാരീരികമായി സജീവമല്ലാത്ത അവസ്ഥ
ശാരീരികമായി സജീവമല്ലാത്ത ജീവിതശൈലി പിന്തുടരുന്നവരിലും സ്തനാര്‍ബുദ സാധ്യത കൂടുതലാണ്.
8. ഹോര്‍മോണ്‍ ചികിത്സ
ആര്‍ത്തവവിരാമ സമയത്ത് ചെയ്യുന്ന ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി അഞ്ച് വര്‍ഷത്തിലധികം എടുത്തവരിലും സ്തനാര്‍ബുദ സാധ്യത അധികമായി കണ്ടു വരുന്നു.
9. അമിതഭാരം
അമിതഭാരമുള്ളവരും പ്രായമുള്ളവരുമായ സ്ത്രീകളിലും സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്.
10. പ്രത്യുത്പാദന ചരിത്രം
30 വയസ്സിന് ശേഷം ആദ്യമായി ഗര്‍ഭം ധരിച്ചവരിലും പ്രസവശേഷം പാലൂട്ടാത്തവരിലും സ്തനാര്‍ബുദ സാധ്യത അധികമാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
11. മദ്യപാനം
മദ്യപാനത്തിന്റെ തോത് ഉയരുന്നത് സ്തനാര്‍ബുദ സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍
1. സ്തനത്തിന്റെ ഒരു ഭാഗത്തോ സ്തനങ്ങളില്‍ മൊത്തത്തിലോ വരുന്ന വീക്കം
2. സ്തനചര്‍മത്തില്‍ വരുന്ന നിറ വ്യത്യാസം
3. സ്തനത്തിലോ മുലക്കണ്ണിലോ വരുന്ന അസ്വസ്ഥത
4. മുലക്കണ്ണ് കുഴിഞ്ഞ് പോകല്‍
5. മുലക്കണ്ണോ സ്തനകോശമോ വരണ്ട്, ചുവന്ന്, ചെതുമ്പലുകള്‍ പോലെയാകുക
6. മുലക്കണ്ണില്‍ നിന്ന് പാല് അല്ലാതെയുള്ള സ്രവങ്ങള്‍
7. കക്ഷത്തിലോ തോള് എല്ലിന് സമീപത്തോ ലിംഫ് നോഡുകള്‍ വീര്‍ത്ത നിലയില്‍ കാണപ്പെടുക
നേരത്തെ രോഗനിര്‍ണയം നടത്തി ചികിത്സ ആരംഭിക്കുന്നത് സ്തനാര്‍ബുദം മൂലമുള്ള മരണസാധ്യത കുറയ്ക്കുന്നു. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന പക്ഷം ഡോക്ടറെ കാണാനും മാമോഗ്രാം ഉള്‍പ്പെടെയുള്ള അവശ്യ പരിശോധനകള്‍ നടത്താനും വൈകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക