കരളില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് സാധാരണയായി രണ്ടു തരം ഉണ്ട്. മദ്യപാനികള്‍ക്ക് ഉണ്ടാകുന്നതിനെ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് എന്നും അല്ലാത്തവയെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് എന്നും പറയും.
ഇത് അമിതവണ്ണമുള്ളവര്‍ക്കും നിയന്ത്രണരഹിതമായ പ്രമേഹം, അമിത കൊളസ്ട്രോള്‍ തുടങ്ങിയവ ഉള്ളവര്‍ക്കും സാധാരണയായി കാണുന്നു.
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് എന്ന അവസ്ഥയ്ക്കു പല ഘട്ടങ്ങള്‍ ഉണ്ട്. ആദ്യഘട്ടമാണ് കരളില്‍ കൊഴുപ്പ് അടിയുക.
അമിതവണ്ണം ഉള്ളവരില്‍ 40 മുതല്‍ 90 ശതമാനം വരെ ഇത് കാണപ്പെടുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ 10 മുതല്‍ 20% വരെ ഉള്ളവരില്‍ ഇത് നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയറ്റോറ്റിക് ഹെപ്പറ്റൈറ്റിസ് (NASH) എന്ന കരള്‍ കോശങ്ങള്‍ കേടാവുന്ന അവസ്ഥയില്‍ എത്തുന്നു. ഈ രണ്ടു പ്രശ്നങ്ങളും ജീവിതശൈലീ നിയന്ത്രണങ്ങള്‍ കൊണ്ടും ഒപ്പം ചില മരുന്നുകള്‍ കൊണ്ടും പൂര്‍ണമായി മാറ്റാന്‍ കഴിയും.
ആദ്യ അവസ്ഥയില്‍ നിന്നും മൂന്നു മുതല്‍ പതിനഞ്ചു ശതമാനം ആളുകള്‍ സിറോസിസ് എന്ന രോഗാവസ്ഥയില്‍ എത്തിച്ചേരും. ഈ സ്ഥിതിയില്‍ നിന്നും കരളിനെ പൂര്‍വ സ്ഥിതിയില്‍ എത്തിക്കുക അസാധ്യമാണ്. സിറോസിസ് വന്നവരില്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം പേരില്‍ ലിവര്‍ കാന്‍സര്‍ വരാനും സാധ്യതയുണ്ട്.
ലിവര്‍ ഫങ്ഷന് ടെസ്റ്റ്, വയറിന്റെ അള്‍ട്രാസൗണ്ട് സ്കാനിങ് തുടങ്ങിയവ കൊണ്ട് ഇത് നേരത്തേ കണ്ടുപിടിക്കാം. ഈ അവസ്ഥ പ്രത്യേകമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതു കൊണ്ട് അമിതവണ്ണം ഉള്ളവരും പ്രമേഹമുള്ളവരും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇത്തരം ടെസ്റ്റുകള്‍ ചെയ്തു നോക്കണം.
ഡോക്ടറുടെ നിര്‍ദേശാനുസരണം വിവിധ മരുന്നുകള്‍ ചികിത്സക്കായി ഉപയോഗിക്കാം. കൊളസ്ട്രോള്‍ കുറക്കുന്ന മരുന്നുകളും വൈറ്റമിന്‍ ഇ തുടങ്ങിയവയും മരുന്നു ചികിത്സയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക