ഒരിക്കൽ വിരിച്ചാൽ ജീവിതകാലം മുഴുവൻ ചവിട്ടി നടക്കേണ്ടതാണ് ടൈലുകൾ. അതുകൊണ്ട് ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ അതിൽ നിങ്ങളുടെ വ്യക്തിത്വവും പ്രതിഫലിക്കണം.
ചിലരുണ്ട് ഏറ്റവും മോഡേണായ കൂളിങ് ഗ്ലാസ് വച്ചിരിക്കും. ട്രെൻഡിയായ വസ്ത്രധാരണവുമായിരിക്കും. എന്നാൽ താഴേക്കെത്തുമ്പോൾ ധരിച്ചിരിക്കുന്ന ചെരിപ്പ് എല്ലാ വിലയും കളയും. ഇതുപോലെതന്നെയാണ് ടൈലുകളുടെ കാര്യവും.
ഈയടുത്ത് ഗൃഹപ്രവേശം കഴിഞ്ഞ സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിക്കുക. പുതിയ ട്രെൻഡുകൾ മനസ്സിലാക്കാൻ അതുസഹായിക്കും.
ബാത്റൂമിൽ വഴുക്കുന്ന തരം സെറാമിക് ടൈലുകൾ തിരഞ്ഞെടുക്കരുത്,.
വാതസംബന്ധമായ അസുഖങ്ങളാൽ വലയുന്നവരുടെ കിടപ്പുമുറിയിൽ തറയോട് നന്നായിരിക്കും.
കഴിയുമെകിൽ ദമ്പതികൾ ഒരുമിച്ച് ടൈലുകൾ തിരഞ്ഞെടുക്കുകയാകും ബുദ്ധി. ഞാനന്നേ പറഞ്ഞതല്ലേ ഈ ഇരുണ്ടനിറമുള്ള ഷേഡ് വേണ്ടെന്ന് എന്ന മട്ടിലുള്ള വിലാപങ്ങൾ ജീവിതത്തിന്റെ നിറം കെടുത്താതിരിക്കാനും ഇതുപകരിക്കും.
വീട്ടിൽ എല്ലായിടത്തും ഒരേ ടൈൽ തന്നെ വിരിക്കുക എന്ന രീതി പണ്ടേപോയി. ഇപ്പോൾ ഓരോ ഇടത്തിനും പ്രത്യേകം ടൈലുകൾ തിരഞ്ഞെടുക്കുന്ന രീതിയാണ്. കിച്ചനിലും, ബാത്റൂമിലും ലിവിങ് റൂമിലും ബെഡ്റൂമിലും വ്യത്യസ്തതരം ടൈലുകൾ.
ഐവറി കളറിനോടുള്ള മലയാളിയുടെ താത്പര്യത്തിന് ഇപ്പോഴും ഇടിവില്ല. ആഢ്യത്തവും നിലവാരവും സമ്മാനിക്കുന്ന ഷേഡാണ് ഐവറി. മുറിക്ക് നല്ല തെളിച്ചം നൽകാനും ഈ ഷേഡിന് കഴിയും.
വിട്രിഫൈഡ് ടൈലുകളിൽതന്നെ ഡിജിറ്റൽ പ്രിന്റഡ് ടൈലുകളോടാണ് ഇപ്പോൾ പ്രിയം. നാനോ കോട്ടിങ് ഉള്ള ടൈലുകൾക്കും ആവശ്യക്കാരേറി. വുഡ് സ്ട്രൈപ്സ് പാറ്റേണിനും ഇഷ്ടക്കാരേറെ. സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടവർ ഇപ്പോൾ ഗ്ലാസ് ടൈലുകളും വുഡ് ടൈലുകളും ധാരാളമായി ഉപയോഗിക്കുന്നു. ടൈലുകളുടെ വലുപ്പമേറിവരുന്നതിനനുസരിച്ച് വിലയും കൂടും. വലിയ ടൈലുകൾക്ക് ജോയിന്റുകൾ കുറവായിരിക്കും, അതിലൂടെ കൂടുതൽ ഭംഗി ലഭിക്കും, പണിക്കൂലിയും കുറയും.
മുറിയുടെ മൂഡ് നിശ്ചയിക്കുന്നത് പലപ്പോഴും ടൈലുകളാണ്. അതിനാൽ മനസ്സിന് സന്തോഷം തരുന്ന കളർ പാറ്റേണുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. തറ വെട്ടിത്തിളങ്ങിക്കിടക്കണം എന്ന കാഴ്ചപ്പാട് പലരിലും മാറി. ചിലർക്ക് പഴമയോടാണ് കമ്പം. പഴയ തറവാടുകളിലേതുപോലെ മരപ്പാളികളിൽ തീർത്ത നിലം ഫാഷനായിട്ട് കുറച്ചു കാലമായി. സാധാരണയായി കിച്ചണിൽ ഗ്രാനൈറ്റ് സ്ലാബുകളാണ് ഉപയോഗിക്കുക. ഇപ്പോൾ ഗ്രാനൈറ്റിന്റെ മിനുസവും ഭംഗിയുമുള്ള വിട്രിഫൈഡ് ടൈലുകൾ ലഭിക്കും. ചതുരശ്രയടിക്ക് 105 രൂപ മുതൽ ഇത്തരം വലിയ വിട്രിഫൈഡ് സ്ലാബുകൾകിട്ടും. ബാത്റൂം ടൈലുകളുടെ വലിയ സെലക്ഷൻ ഇപ്പോൾ ലഭ്യമാണ്. ബാത്റൂമിന്റെ സൗകര്യത്തിലുപരി ഭംഗിക്കുവേണ്ടി കാശുപൊടിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്.
സെറാമിക് ടൈൽസ്
ടൈൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
മൽസരം കൂടിയപ്പോൾ കമ്പനികൾ ഗുണനിലവാരം കുറച്ച് ടൈലുകൾ പുറത്തിറക്കാൻ തുടങ്ങിയതാണ് കസ്റ്റമർ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. രാജ്യാന്തരതലത്തിൽ ടൈലുകൾ ഗുണനിലവാരമനുസരിച്ച് തരംതിരിച്ചിട്ടുണ്ട്. AAA, AA, A എന്നിങ്ങനെയാണ് ഇതിന്റെ ഗ്രേഡിങ്. ഇതിൽ AAA ഏറ്റവും മികച്ച ഗുണനിലവാരമുള്ളത്. ഇത്തരം ഗുണമേന്മാമുദ്രണം പോലും ഇപ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടായിട്ടുണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്നതിൽ ചില ബോക്സുകളിലെ കുറച്ച് ടൈലുകൾ പുറത്തെടുത്ത് ഷേഡിൽ വ്യത്യാസമുണ്ടോയെന്നു പരിശോധിക്കണം. ബെൻഡുണ്ടോയെന്നു പരിശോധിക്കുക. ഇതിനു ചെയ്യാവുന്ന ഒരു കാര്യമുണ്ട്. നാല് ടൈലുകൾ എടുത്ത് ഒരു ഗ്ലാസിനു മുകളിൽ വയ്ക്കുക. എന്നിട്ട് ഒരു മൂലയിൽ പിടിച്ചമർത്തുക. നല്ല ടൈലാണെങ്കിൽ ഇളകില്ല.
ജോയിന്റുകൾ അതീവസൂക്ഷ്മവും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുമായിരിക്കും. മൊത്തം ലോട്ട് ഒരേ ബാച്ചിലുള്ളതാണോയെന്നും പരിശോധിക്കണം. പല ബാച്ചുകളിലെ ടൈലുകൾ വാങ്ങാതിരിക്കുന്നതായിരിക്കും ബുദ്ധി. പരമാവധി പകൽ വെളിച്ചത്തിൽത്തന്നെ ടൈലുകൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക