മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മലയാളപ്രേക്ഷകരുടെ മനസ്സിൽ മികച്ച നടി എന്ന ലേബൽ ഉണ്ടാക്കി എടുക്കാൻ മഞ്ജുവിന് സാധിച്ചു. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്നുവെങ്കിലും മലയാളികൾക്ക് എക്കാലത്തെയും പ്രിയനടി മഞ്ജു തന്നെയായിരുന്നു. അത് കൊണ്ട് തന്നെയാണ് രണ്ടാം വരവിലും പ്രേക്ഷകർ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. ഇപ്പോഴിതാ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ മഞ്ജു മനസ്സ് തുറക്കുകയാണ്.
“അമ്മയുടെ സ്വാധീനം എല്ലാ മനുഷ്യരുടെ ജീവിതത്തിലും ഉണ്ടാകും. അത് നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മളിൽ ഉണ്ടാകും. എന്റെ അച്ഛനേയും അമ്മയേയും കണ്ടിട്ടാവണം പ്രതിസന്ധികൾ വരുമ്പോൾ എങ്ങനെ പുഞ്ചിരിയോടെ നേരിടണമെന്ന് ഞാൻ പഠിച്ചത്.
അവരിൽ നിന്നും എനിക്ക് കിട്ടിയ ഗുണമാണത്. അച്ഛന് അസുഖം വന്നപ്പോഴും അമ്മയ്ക്ക് അസുഖം വന്നപ്പോഴും ഇപ്പോഴും എനിക്ക് അമ്മയ്ക്കൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാറില്ല. പക്ഷെ അതിൽ പരാതിയോ സങ്കടമോ അമ്മയ്ക്കില്ല.
അമ്മ അത്തരം പരാതികൾ പറയാറുമില്ല. പിന്നെ അമ്മ എന്നെക്കാളും തിരക്കിൽ ഇപ്പോൾ ഓടി നടക്കുകയാണ്. അമ്മയ്ക്ക് ആർട്ട് ഓഫ് ലിവിങിന്റെ പ്രവർത്തനങ്ങളുണ്ട്. അമ്മ ഡാൻസ്, പാട്ട് എന്നിവ പഠിക്കുന്നുണ്ട്.
കൂടാതെ തിരുവാതിരക്കളിയുടെ ഒരു ഗ്യാങിലും അമ്മയുണ്ട്. ഇപ്പോൾ വീട്ടിൽ പോകുന്നതിന് മുമ്പ് അമ്മ വീട്ടിൽ ഉണ്ടാകുമോയെന്ന് വിളിച്ച് ചോദിക്കേണ്ട അവസ്ഥയാണ്. അസുഖം വന്ന് പോയതിന് ശേഷം അമ്മ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു ജീവിതം ആസ്വദിക്കുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അമ്മ ഏറ്റവും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ്. അച്ഛനും അമ്മയ്ക്കും കാൻസർ വന്നിട്ടുണ്ട്. ഇത് പാരമ്പര്യമായി വരുന്നതാണോയെന്ന് എനിക്ക് അറിയില്ല.
ചിലപ്പോൾ നാളെ എനിക്കും അങ്ങനൊരു അസുഖം വന്നാലോ അങ്ങനൊരു സിറ്റുവേഷനിലൂടെ കടന്നുപോകേണ്ടി വന്നാലോ അതിൽ നിന്നും മറികടന്ന് എങ്ങനെ സുന്ദരമായി ജീവിക്കാമെന്ന് ഞാൻ പഠിച്ചു.
കാരണം എന്റെ കൺ മുന്നിൽ അച്ഛനിലും അമ്മയിലും കൂടെ ഞാൻ അത് പഠിച്ചു. ഇതൊക്കെ തന്നെയാണ് അമ്മ എന്നിലുണ്ടാക്കിയ സ്വാധീനം എന്ന് പറയുന്നത്. കൂടാതെ ഞാൻ കണ്ടുമുട്ടുന്ന സ്ത്രീകൾ എന്നെ സ്വാധീനിക്കാറുണ്ട്” മഞ്ജു വാര്യർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക