ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ 40 വർഷം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു. ഈ അവസരം ആഘോഷിക്കുന്നതിനായി കമ്പനി അതിന്റെ നെക്സ മോഡലുകളുടെ ഒരു പ്രത്യേക ബ്ലാക്ക് എഡിഷൻ പുറത്തിറക്കിയിട്ടുണ്ട്.
അതിൽ Ciaz, Ignis, Baleno, XL6, അടുത്തിടെ പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര എന്നിവയുടെ ബ്ലാക്ക് മോഡലുകൾ ഉൾപ്പെടുന്നു. ഇതാദ്യമായാണ് മാരുതി തങ്ങളുടെ കാറുകൾ ബ്ലാക്ക് എഡിഷനിൽ അവതരിപ്പിക്കുന്നത്.
പരമ്പരാഗത ബ്ലാക്ക് ഷേഡിൽ നിന്ന് വ്യതിചലിക്കുന്ന പ്രീമിയം മെറ്റാലിക് ബ്ലാക്ക് നിറത്തിലും ഈ അഞ്ച് നെക്സ മോഡലുകൾ ലഭ്യമാകും എന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും ഓരോ മാരുതി സുസുക്കി കാറിന്റെയും തിരഞ്ഞെടുത്ത വേരിയന്റുകളിൽ മാത്രമേ ബ്ലാക്ക് എഡിഷൻ ലഭ്യമാകൂ.
ഉദാഹരണത്തിന് നെക്സ ബ്ലാക്ക് എഡിഷൻ ഇഗ്നിസിന്റെ Zeta, Alpha വേരിയന്റുകളിലും XL6-ന്റെ Ciaz, Alpha, Alpha+ മോഡലുകളുടെയും ഗ്രാൻഡ് വിറ്റാരയുടെ Zeta, Zeta+, Alpha, Alpha+ എന്നീ വേരിയന്റുകളിലും ലഭ്യമാണ്. സ്പെഷ്യൽ എഡിഷൻ കാറുകളുടെ വില നെക്സ കാറുകളുടെ സ്റ്റാൻഡേർഡ് ശ്രേണിക്ക് തുല്യമാണ്.
ഇതുകൂടാതെ ഈ മോഡലുകൾക്കായി മാരുതി സുസുക്കി ലിമിറ്റഡ് എഡിഷൻ ആക്സസറി പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു. ഇതിനായി ഉപഭോക്താക്കൾ പ്രത്യേകം പണം നൽകേണ്ടിവരും.
ചാരനിറത്തിലും കറുപ്പ് നിറത്തിലും ഉള്ള ഫ്രണ്ട് ആൻഡ് റിയർ അണ്ടർബോഡി സ്പോയിലർ, ഫ്രണ്ട് ഫെൻഡർ ഗാർണിഷ്, ബ്ലാക്ക് ഡോർ ഗാർണിഷ്, ലോഗോ ലൈറ്റുകൾ, ORVM ഗാർണിഷ്, ഹെഡ് ലാമ്പ് ഗാർണിഷ് എന്നിവയും അതിലേറെയും ഇതിൽ ഉൾപ്പെടുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ ആക്സസറികളും എല്ലാ നെക്സ സ്റ്റോറിലും ലഭ്യമല്ല എന്നതാണ് പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക